സാമ്പത്തിക മാന്ദ്യത്തിന്റേയും കഷ്ടപ്പാടിന്റേയും ഒരു ദശകത്തിനു ശേഷം യുകെയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് മെച്ചപ്പെട്ടതായി പഠനം. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോട് അടുക്കുമ്പോള്‍ പുറത്തു വന്ന ഒരു പഠനത്തിലാണ് യുകെയിലെ സാധാരണ കുടുംബങ്ങളുടെ ശരാശരി ബജറ്റ് 2008 ലെ നിലയേക്കാള്‍ ഉണര്‍വ് പ്രകടിപ്പിക്കുനതായി കണക്കുകള്‍ ഉള്ളത്.
2008 ലാണ് ബാങ്കിംഗ് രംഗത്തെ പ്രതിസന്ധിയെ തുടര്‍ന്ന് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയത്. എന്നാല്‍ 2014 15 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ സാമ്പത്തിക രംഗം 2008 ന് മുമ്പേയുള്ള അവസ്ഥയിലേക്ക് മടങ്ങുന്നതായി പഠനം വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഉത്തേജനം നല്‍കുന്നതാണ് ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസിന്റെ പഠനം.
പണപ്പെരുപ്പത്തില്‍ വന്ന കുറവ്, വേതനത്തില്‍ ഉണ്ടായ നേരിയ വര്‍ധന, തൊഴിലില്ലായ്മ ക്രമമായി കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത് എന്നിവയാണ് കുടുംബ ബജറ്റിനെ മെച്ചപ്പെടുത്തിയത്. ഭക്ഷണ സാധനങ്ങളുടെ വില കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നിട്ടുണ്ട്. എണ്ണവിലയും കുറഞ്ഞ നിലയിലാണ്.
യുകെയിലെ സാധാരണ കുടുംബങ്ങളുടെ ബജറ്റില്‍ 1.1% വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വിവിധ നിര്‍മ്മാണ മേഖലകള്‍ മികച്ച പ്രകടനത്തോടെ മുന്നേറുന്നത് തൊഴിലാളികള്‍ക്ക് ഉയര്‍ന്നതും സ്ഥിരവുമായ വേതനം ഉറപ്പു വരുത്തുന്നു. കുടിയേറ്റ സമൂഹവും സാമ്പത്തികവും സാമൂഹ്യവുമായി ഉണര്‍വിന്റെ ലക്ഷണം പ്രകടിപ്പിക്കുന്നു.
പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള സാമ്പത്തിക അസമത്വവും മേഖലയിലെ രാജ്യങ്ങളില്‍ ഏറ്റവും കുറവ് യുകെയിലാണ്. തെരഞ്ഞെടുപ്പില്‍ ഭരണത്തിലേറുന്നത് ആരായാലും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജനങ്ങളെ കാത്തിരിക്കുന്നത് ശുഭ വാര്‍ത്തകള്‍ ആണെന്ന സൂചനയാണ് ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല