1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2023

സ്വന്തം ലേഖകൻ: ഹൗസിംഗ് വിപണിയില്‍ കനത്ത നാശം വിതച്ച് പലിശ നിരക്കുകള്‍. പുതിയ ഉപഭോക്താക്കള്‍ക്കുള്ള മോര്‍ട്ട്‌ഗേജ് ഡീലുകള്‍ സമ്പൂര്‍ണ്ണമായി പിന്‍വലിക്കുന്ന ബാങ്കുകളുടെ നിരയിലേക്ക് സാന്‍ടാന്‍ഡറും എത്തി. പുതിയ റെസിഡന്‍ഷ്യല്‍, ബയ്-ടു-ലെറ്റ് ഓഫറുകളാണ് ഹൈസ്ട്രീറ്റ് ലെന്‍ഡര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്. റീഫിനാന്‍സ് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള കടമെടുപ്പുകാരുടെ അപേക്ഷ കുമിഞ്ഞ് കൂടിയതോടെയാണ് നടപടി.

കഴിഞ്ഞ ആഴ്ച എച്ച്എസ്ബിസി പുതിയ ഉപഭോക്താക്കള്‍ക്കുള്ള മോര്‍ട്ട്‌ഗേജ് ഡീലുകള്‍ അടിയന്തരമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇത് 0.45 ശതമാനം പോയിന്റ് നിരക്ക് വര്‍ദ്ധന നടത്തിയ ശേഷം പുനരവതരിപ്പിക്കുകയും ചെയ്തു. സാന്‍ടാന്‍ഡര്‍ മാത്രമാണ് മോര്‍ട്ട്‌ഗേജ് റേഞ്ച് പരിഷ്‌കരിക്കാതിരുന്ന പ്രധന ലെന്‍ഡര്‍. എന്നാല്‍ ബുധനാഴ്ചയോടെ തങ്ങളും മറ്റുള്ളവരുടെ പാത പിന്തുടരുമെന്ന് ബാങ്ക് വ്യക്തമാക്കി.

മേയ് 24 മുതല്‍ ലെന്‍ഡര്‍മാര്‍ പരിഭ്രാന്തരായി റേറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. പണപ്പെരുപ്പം മുന്‍പ് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിരക്കായ 8.7 ശതമാനത്തില്‍ തുടരുമെന്ന് ഔദ്യോഗിക പ്രവചനം പുറത്തുവന്നതോടെയാണ് ഇത്.

അടുത്ത ആഴ്ചകളിലായി നൂറുകണക്കിന് ഹോം ലോണുകളാണ് ബാങ്കുകളും, ബില്‍ഡിംഗ് സൊസൈറ്റികളും പിന്‍വലിച്ചത്. ഇന്നുമുതല്‍ നാറ്റ്‌വെസ്റ്റ് രണ്ട്, അഞ്ച് വര്‍ഷത്തെ റസിഡന്‍ഷ്യല്‍ ഡീലുകളില്‍ 0.2 ശതമാനം പോയിന്റ് വര്‍ദ്ധനവ് വരുത്തിയപ്പോള്‍ ഫസ്റ്റ് ഡയറക്ട് ഫിക്‌സഡ് റേറ്റ് ഡീലുകളില്‍ 0.49 ശതമാനം വര്‍ദ്ധനവും നടപ്പാക്കി.

അതിനിടെ, അടുത്ത ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണ്ടും പലിശ നിരക്ക് വര്‍ദ്ധനയ്ക്ക് ഒരുക്കുന്നതായി റിപ്പോര്‍ട്ട് വന്നു. കൂടുതല്‍ വര്‍ദ്ധനവുകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്ന് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി അംഗം ജോന്നാഥന്‍ ഹസ്‌കല്‍ പറഞ്ഞു. ജൂണ്‍ 22-നാണ് അടുത്ത എംപിസി പ്രഖ്യാപനം ഉണ്ടാവുക. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതരുടെ സൂചന പ്രകാരം തുടര്‍ച്ചയായ 13-ാം തവണയും നിരക്ക് വര്‍ദ്ധിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

പലിശ നിരക്കുകള്‍ 4.5 ശതമാനത്തില്‍ നിന്നും 4.75 ശതമാനത്തിലേക്ക് ഉയരുമെന്നാണ് സൂചന. ഇത് സംഭവിച്ചാല്‍ പോലും മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ നൂറുകണക്കിന് പൗണ്ട് കൂട്ടിച്ചേര്‍ക്കാന്‍ ഇടയാക്കും. വര്‍ഷത്തിന്റെ അവസാനത്തോടെ നിരക്കുകള്‍ 5.5 ശതമാനത്തില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. 2024-ലേക്ക് കടക്കുമ്പോഴും റേറ്റ് 5 ശതമാനത്തിന് മുകളില്‍ തുടരുമെന്നും പ്രതീക്ഷിക്കുന്നു.

പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തില്‍ കൂടുതലാണ് നിലവിലെ നിരക്ക്. പണപ്പെരുപ്പം കുറച്ച് നിര്‍ത്താന്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള സാഹസത്തിന് പോലും തയ്യാറാണെന്ന് പ്രധാനമന്ത്രി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും വ്യക്തമാക്കിയിരുന്നു.

കൈവിട്ട് കുതിക്കുന്ന ഭക്ഷ്യ, എനര്‍ജി വിലകളാണ് ബ്രിട്ടന്റെ പണപ്പെരുപ്പത്തിന് ആക്കം കൂട്ടിയത്. കഴിഞ്ഞ സമ്മറിന് ശേഷം ആദ്യമായി പണപ്പെരുപ്പം 10 ശതമാനത്തില്‍ താഴെ എത്തിയിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതിലും വളരെ സാവധാനമാണ് ഇടിവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.