1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2023

സ്വന്തം ലേഖകൻ: കാറിന്റെ ഡിക്കിയില്‍ കുത്തിത്തിരുകി ഏഴ് ഇന്ത്യന്‍ കുടിയേറ്റക്കാരെ യുകെയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ട് ബ്രിട്ടീഷുകാര്‍ക്ക് ജയില്‍ശിക്ഷ. കേസില്‍ ആറ് വര്‍ഷത്തിലേറെ ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. രണ്ട് കാറുകളിലായാണ് ഏഴ് പേരെ കുത്തിക്കയറ്റി മനുഷ്യകടത്ത് നടത്താന്‍ ശ്രമം നടത്തിയത്.

2018 ജൂലൈ 8-നാണ് ഡോവറിലെ യുകെ ബോര്‍ഡറില്‍ വെച്ച് ഹൗണ്‍സ്ലോയില്‍ നിന്നുള്ള 48-കാരന്‍ പല്‍വീന്ദര്‍ സിംഗ് ഫുല്ലിനെ തടഞ്ഞത്. പരിശോധനയില്‍ വാടകയ്ക്ക് എടുത്ത കാറിന്റെ ബൂട്ട് സ്‌പേസില്‍ ഒളിപ്പിച്ച മൂന്ന് ഇന്ത്യന്‍ പൗരന്‍മാരെ അധികൃതര്‍ കണ്ടെത്തി. അഫ്ഗാന്‍ സിഖുകള്‍ എന്നായിരുന്നു ഇവരുടെ അവകാശവാദം.

നിയമവിരുദ്ധ കുടിയേറ്റത്തിന് സഹായം നല്‍കിയതിന് മൂന്നര വര്‍ഷത്തെ ശിക്ഷയാണ് ഇയാള്‍ക്ക് വിധിച്ചത്. നാല് ദിവസത്തിന് ശേഷം ഇയാളുടെ കൂട്ടുപ്രതി മിഡില്‍സെക്‌സില്‍ നിന്നുള്ള 45-കാരന്‍ ഹര്‍ജിത്ത് സിംഗ് ധാലിവാലിനെയും പോലീസ് പിടികൂടി. അഫ്ഗാന്‍ സിഖുകാര്‍ എന്ന് അവകാശപ്പെട്ട നാല് ഇന്ത്യന്‍ പൗരന്‍മാരെയാണ് യുകെ ബോര്‍ഡറില്‍ വെച്ച് നടന്ന പരിശോധനയില്‍ ഇയാളുടെ കാറില്‍ നിന്നും കണ്ടെത്തിയത്. ഇയാള്‍ക്ക് മൂന്ന് വര്‍ഷവും രണ്ട് മാസവുമാണ് ജയില്‍ശിക്ഷ.

ഹോം ഓഫീസ് ക്രിമിനല്‍ & ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് (സിഎഫ്‌ഐ) യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മൊബൈല്‍ വഴി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി. അനധികൃത കുടിയേറ്റത്തിന് സഹായിച്ചതായി ഈ പ്രതികള്‍ കാന്റര്‍ബറി ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചു.

മൂന്നു ദിവസം മുമ്പാണ് യുകെയില്‍ 39 വിയറ്റ്‌നാമീസ് കുടിയേറ്റക്കാര്‍ ലോറി കണ്ടയിനറില്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറും മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണിയും റൊമാനിയക്കാരനുമായ മാരിയസ് ഡ്രാഗികിക്ക് (50) 12 വര്‍ഷവും ഏഴ് മാസവും കോടതി തടവ് വിധിച്ചത് . 2019 ഒക്ടോബറിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൂട്ടമരണം അരങ്ങേറിയിരുന്നത്. എസെക്‌സിലെ ഗ്രേസിലുള്ള ഒരു ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലായിരുന്നു ലോറിയില്‍ 39 പേരെ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

യുകെയിലേക്ക് അനധികൃത കുടിയേറ്റത്തിനായി മനുഷ്യക്കടത്തുകാര്‍ക്ക് പണം കൊടുത്ത് എത്തിയവരായിരുന്നു ഈ ദുര്‍മരണത്തിന് വിധേയരായത്. ലോറി ഡ്രൈവര്‍ക്ക് മേല്‍ 39 കൗണ്ട്‌സ് കൊലപാതകക്കുറ്റമാണ് ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ നടന്ന വിചാരണയില്‍ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ നിയമവിരുദ്ധമായ കുടിയേറ്റത്തിനുള്ള ഗൂഢാലോചനക്ക് സഹായിച്ചുവെന്ന കുറ്റവും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

ശ്വാസം പോലും കിട്ടാത്ത വിധത്തില്‍ കണ്ടയിനര്‍ ലോറിയില്‍ കടുത്ത ദുരിതം അനുഭവിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് ജഡ്ജ് ഗാണ്‍ഹാം വിധിപ്രസ്താവനയുടെ ഭാഗമായി എടുത്ത് കാട്ടിയിരിക്കുന്നത്. ലോറി ഡ്രൈവര്‍ക്ക് മേല്‍ നിയമവിരുദ്ധമായ കുടിയേറ്റ കുറ്റത്തിന് നാല് വര്‍ഷവും രണ്ട് മാസവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

മനുഷ്യക്കടത്ത് സംഘത്തിന്റെ തലവന്‍ ഗിയോര്‍ഗെ നികയുടെ വലം കൈയാണ് ലോറി ഡ്രൈവറെന്നും തെളിഞ്ഞിട്ടുണ്ട്. ഈ കൂട്ടക്കൊലപാതകക്കേസില്‍ നാല് പേര്‍ക്ക് മേലാണ് കൊലപാതക്കുറ്റം ചുമത്തിയിരിക്കുന്നത്. ഈ മരണങ്ങളുമായി ബന്ധപ്പെട്ട് മൊത്തം 11 പേര്‍ക്കാണ് ജയില്‍ശിക്ഷ വിധിച്ചിരിക്കുന്നത്. 28 പുരുഷന്‍മാരും എട്ട് സ്ത്രീകളും മൂന്ന് കുട്ടികളുമായിരുന്നു ദാരുണമായ രീതിയില്‍ ഈ സംഭവത്തില്‍ മരിച്ചിരിക്കുന്നത്.

15 വയസിനും 44 വയസിനും ഇടയിലുളളവരാണ് ശ്വാസം കിട്ടാതെ ജീവന്‍ വെടിഞ്ഞത്. ഇവര്‍ 2019 ഒക്ടോബര്‍ 22ന് പാരീസില്‍ നിന്നും വടക്കന്‍ ഫ്രാന്‍സിലെ ബിയേര്‍നെയിലേക്ക് എത്തുകയായിരുന്നു. യൂറോപ്പിലേക്ക് ഒരു വിഐപി റൂട്ടും മികച്ച ശമ്പളത്തോട് കൂടിയ ജോലിയും വാഗ്ദാനം ചെയ്തായിരുന്നു ഇവരെ മനുഷ്യക്കടത്തുകാര്‍ പണം വാങ്ങി കൊണ്ട് വന്നിരുന്നത്. ഫ്രാന്‍സില്‍ നിന്നും ബെള്‍ഗേറിയന്‍ തുറമുഖമായ സീബര്‍ഗിലേക്ക് ലോറിയില്‍ ഇവര്‍ കയറുന്ന സിസിടിവി ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്.

തുടര്‍ന്ന് ഇവര്‍ എസെക്‌സിലെ പുര്‍ഫ്‌ലീറ്റ് ഓണ്‍ തെയിംസിലേക്കുള്ള ഫെറിയില്‍ കയറുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കണ്ടയിനറില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടായിരുന്നുവെന്നും ഓക്‌സിജന്‍ വളരെ കുറവ് മാത്രമേ ലഭിച്ചിരുന്നുള്ളുവെന്നും തല്‍ഫലമായി ശ്വാസം മുട്ടിയാണ് ഇവര്‍ മരിച്ചതെന്നും വ്യക്തമായിട്ടുണ്ട്. അസ്ഫിക്‌സിയ, കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയും ഇവരുടെ മരണത്തിന് കാരണമായെന്ന് തെളിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.