സ്വന്തം ലേഖകൻ: നിയമവിരുദ്ധ കുടിയേറ്റങ്ങളെ തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി പാർലമെൻറിൽ സർക്കാർ പുതിയ നിയമ മാറ്റങ്ങൾ അവതരിപ്പിക്കുന്നു. അനധികൃത കുടിയേറ്റക്കാരുടെ പ്രായം നിർണയിക്കുവാൻ എക്‌സ് റേയും എം ആർ ഐ സ്കാനിംഗും ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും പുറത്താക്കൽ കാലതാമസം ഇല്ലാതാക്കാൻ കോടതികളെ ഒഴിവാക്കി ഹോം സെക്രട്ടറിക്ക് കൂടുതൽ അധികാരം നൽകുന്നതിനും നിയമമാറ്റം അനുവദിക്കും.
ബോട്ടിലൂടെയുള്ള അനധികൃത മനുഷ്യക്കടത്ത് തടയുകയാണ് പ്രധാന ലക്ഷ്യമെങ്കിലും വീസ കാലാവധി കഴിഞ്ഞ് യുകെയിൽ അനധികൃതമായി തുടരുന്നവരെ അതിവേഗം കണ്ടെത്തി പുറത്താക്കുന്നതിനുള്ള നടപടികളും പുതിയ നിയമ മാറ്റത്തിൽ ഉൾപ്പെടുന്നു.
വിദ്യാർത്ഥി വീസകളിലും വർക്ക് വീസകളിലും എത്തി കാലാവധി കഴിഞ്ഞിട്ടും യുകെയിൽ ഒളിവ് ജീവിതം നയിക്കുന്നവരിൽ നിരവധി മലയാളി കൂടിയേറ്റക്കാരുമുണ്ട്. ഇവരെ തുടർന്ന് അതിവേഗം കണ്ടെത്തി കോടതിയിൽ ഹർജി നൽകാൻ പോലും അനുവദിക്കാതെ എത്രയും വേഗം പുറത്താക്കാൻ സർക്കാരിനും ഹോം സെക്രട്ടറിക്കും കഴിയുന്ന വിധത്തിലാണ് പുതിയ നിയമ മാറ്റങ്ങൾ. ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബോട്ടുകളിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി യുകെ തീരങ്ങളിൽ ബോട്ട് സർവീസ് തന്നെ പൂർണമായും നിരോധിക്കാനാണ് തീരുമാനം. സെപ്‌റ്റംബർ 11-ന് ഒപ്പുവച്ച അനധികൃത കുടിയേറ്റ നിയമം 2023 ന്റെ അടുത്ത ഘട്ടം നിയമനിർമ്മാണത്തിനായി ഈ ആഴ്ച തന്നെ പാർലമെന്റിൽ ചർച്ചയ്ക്ക് വയ്ക്കും.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള ഐഡന്റിറ്റി ഡോക്യുമെന്റിന്റെ അഭാവം, അല്ലെങ്കിൽ അവ ഹാജരാക്കുന്നതിൽ പരാജയപ്പെടൽ, അതുപോലെ തന്നെ ഒരു ഫോൺ പാസ്‌കോഡ് പോലുള്ള ഇലക്ട്രോണിക് ഉപകരണം ആവശ്യപ്പെടുമ്പോൾ അത് ആക്‌സസ് ചെയ്യാൻ ആവശ്യമായ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിക്കുക തുടങ്ങിയ ഘടകങ്ങൾ വ്യക്തമായി സജ്ജീകരിച്ചുകൊണ്ട് ക്ലെയിമുകളുടെ വിശ്വാസ്യത വിലയിരുത്തുന്ന കേസ് അന്വേഷകരെ സഹായിക്കുന്ന പുതുക്കിയ മാനദണ്ഡങ്ങൾ നിയമത്തിലുണ്ട്.
പുതിയ നിയമമാറ്റം അനുസരിച്ച് ഇമിഗ്രേഷൻ ആവശ്യങ്ങൾക്കായി ഒരു വ്യക്തിയെ തടങ്കലിൽ വയ്ക്കുന്നതിനും പുറത്താക്കുന്നതിനുമുള്ള ന്യായമായ സമയപരിധി എന്താണെന്ന് തീരുമാനിക്കേണ്ടത് കോടതികളല്ല, ആഭ്യന്തര സെക്രട്ടറിയാണെന്നും നിയമമാറ്റങ്ങൾ വ്യക്തമാക്കും. ഇതിനകം തന്നെ കുടിയേറ്റ നിയന്ത്രണത്തിനായി കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹോം സെക്രട്ടറി സുയെല്ല ബ്രാവർമാന് കൂടുതൽ അധികാരങ്ങൾ നൽകുന്നതും കൂടിയാകും മാറ്റങ്ങൾ.
അനധികൃത കുടിയേറ്റക്കാരുടെ ശാസ്ത്രീയ പ്രായ വിലയിരുത്തലുകളിൽ എക്സ്-റേ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകും, നിയമവിരുദ്ധമായി പ്രവേശിക്കുന്നവരുടെ പ്രായം ഫലപ്രദമായി നിർണ്ണയിക്കുന്നതിനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിന് ഇത് ഹോം ഓഫീസിന് വഴിയൊരുക്കും. കുട്ടികളാണെന്ന് അവകാശവാദങ്ങൾ ഉന്നയിച്ച് അഭയം തേടുന്ന മുതിർന്നവർ കുട്ടികളായി വേഷമിടുന്നത് തടയാൻ സഹായിക്കുന്ന ഒരു സുപ്രധാന പ്രക്രിയയാണ് പ്രായം വിലയിരുത്തൽ.
പല്ലുകളുടെയും കൈകളുടെയും കൈത്തണ്ടയുടെയും എല്ലുകൾ, കാൽമുട്ടുകളുടെയും കോളർ എല്ലുകളുടെയും എംആർഐ എന്നിവയും പ്രായനിർണയത്തിന് ഉപയോഗിക്കാനാകും. ഇതുമൂലം അനധികൃത കുടിയേറ്റക്കാരായ കുട്ടികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പ്രായമുള്ളവർ കയറിക്കൂടുന്നത് തടയുന്നതിനും കഴിയുമെന്ന് സർക്കാർ കരുതുന്നു.
ഈ ആഴ്ച നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച ദ്വിതീയ നിയമനിർമ്മാണം, പാർലമെന്റ് അംഗീകരിച്ചുകഴിഞ്ഞാൽ, ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ പ്രാദേശിക അധികാരികളുമായി ഒക്ടോബറിൽ കൂടിയാലോചന ആരംഭിക്കുന്നതും നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതും ആയിരിക്കും.
അതിനിടെ പുറത്താക്കുന്നതിനുള്ള അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചിട്ടുള്ള പല ഡിറ്റെൻഷൻ സെന്ററുകളിലേയും ജീവിതാവസ്ഥകൾ മുമ്പത്തേതിനേക്കാൾ ദാരുണമായതായി പറയുന്നു. മരണങ്ങളും ആത്മഹത്യയും കൂടിയിട്ടുണ്ട്. ലണ്ടനിലെ ഹീത്രൂ ഇമിഗ്രേഷൻ റിമൂവൽ സെന്ററിൽ കഴിഞ്ഞദിവസം പുറത്താക്കാനായി താമസിച്ചിരുന്ന കൊളംബിയക്കാരൻ ആത്മഹത്യ ചെയ്തത് ഏറെ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല