സ്വന്തം ലേഖകൻ: ഇന്ത്യൻ വിനോദസഞ്ചാരികൾക്കും വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും കുറഞ്ഞ നിരക്കിൽ വിസ നൽകിയും വിസ നടപടികൾ എളുപ്പമാക്കിയും കുടിയേറ്റ നിയമം ഇളവു ചെയ്യാൻ ബ്രിട്ടന്‍റെ നീക്കം. ഇന്ത്യയുമായി വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. ഇതിന്‍റെ മുന്നോടിയായി യുകെ അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി ആനി മേരി ട്രെവല്യൻ ഈ മാസം ഇന്ത്യയിലെത്തും.
ഇന്ത്യൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരകരാറിനെ കുറിച്ച് ധാരണയിലെത്താനാണ് സാധ്യത. കുടിയേറ്റ നിയമം ഇളവുചെയ്യണമെന്ന് ഇന്ത്യ നേരത്തേ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാർക്ക് ബ്രിട്ടനിൽ തൊഴിലെടുക്കുന്നതിനും ടൂറിസ്റ്റുകൾക്കും ഏർപ്പെടുത്തിയ വിസനിരക്കിലും കുറവു വന്നേക്കുമെന്നാണ് സൂചന.
അതിനിടെ പുതുവത്സരാഘോഷത്തിന് പുറത്തു പോയവരോട് അതിനുശേഷം കോവിഡ് ടെസ്റ്റ് നടത്താനും ഒത്തുകൂടുന്നവര്‍ മുറികളിലെ വായുസഞ്ചാരം ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. യുകെയിലെ പ്രതിദിന കോവിഡ് കേസുകള്‍ വെള്ളിയാഴ്ച മുന്‍ ദിവസങ്ങളില്‍ നിന്ന് നേരിയ വര്‍ദ്ധനവോടെ 189,846 എന്ന റെക്കോര്‍ഡിലെത്തി. വെള്ളിയാഴ്ച്ച 203 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ 27 മുതല്‍ ലഭ്യമായ ഏറ്റവും പുതിയ കണക്കുകളില്‍ പ്രതിദിന ആശുപത്രി പ്രവേശനം 1,915 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് 1,506 ആയിരുന്നു. എങ്കിലും ആശുപത്രികളിലെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 20 പേരുടെ വര്‍ദ്ധനവ് മാത്രമാണ് വന്നിട്ടുള്ളത്. അതായത് പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം ഡിസ്ചാര്‍ജ് ചെയ്യുന്ന രോഗികളുടെ എണ്ണത്തിന് ഏതാണ്ട് സമാനമാണെന്ന് ചുരുക്കം.
ഒമിക്രോണ്‍ അതിതീവ്ര വ്യാപനം തുടരുന്നതിനാല്‍ പുതുവത്സര ആഘോഷങ്ങള്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കുറച്ചിരുന്നു. ലോകപ്രശസ്തമായ ലണ്ടന്‍ ഐയിലെ കരിമരുന്ന് പ്രയോഗം ഇത്തവണയുണ്ടായിരുന്നില്ല. വര്‍ണാഭമായ ലൈവ് വെടിക്കെട്ടിനുപകരം ടിവി ചാനലുകളിലൂടെ പഴയ കരിമരുന്നു കലാ പ്രകടനം ടെലികാസ്റ്റ് ചെയ്തു.
കൂടാതെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ നേരം പുലരുവോളം ആളുകള്‍ ഒത്തുകൂടുന്നതും ഡാന്‍സും പാട്ടുമായുള്ള ആഘോഷ പരിപാടിയും റദ്ദാക്കി. എങ്കിലും ചിലര്‍ മദ്യപിച്ചു ആട്ടവും പാട്ടുമായി പുറത്തു കൂടി. യുവാക്കളും ആന്റി ലോക്ക് ഡൗണ്‍ പ്രതിഷേധക്കാരും കൂട്ടമായി തെരുവിലും പബ്ബുകളിലും ബാറുകളിലും നൈറ്റ് ക്ലബ്ബുകളിലുമായി ഒത്തുകൂടി.
എഡിന്‍ബര്‍ഗിലെ ഹോഗ്മാനേ ആഘോഷങ്ങളും ഉള്‍പ്പെടെയുള്ള ഇവന്റുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ചെറിയ തോതിലാണ് തെയിംസിന് അരികില്‍ ആഘോഷങ്ങള്‍ നടന്നത്. എന്നിരുന്നാലും ആയിരങ്ങളാണ് ഇത് കാണാനായി ഒത്തുകൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല