സ്വന്തം ലേഖകൻ: അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് കുടിയേറ്റ നിയന്ത്രണ നയം ഇലക്ഷന് മുമ്പ് കര്‍ക്കശമാക്കാനൊരുങ്ങി ഹോം സെക്രട്ടറി സുവല്ല ബ്രവേര്‍മാന്‍. യുകെയിലേക്ക് കുടിയേറുന്ന സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഹോം സെക്രട്ടറി വ്യക്തമാക്കി. ശമ്പളത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുക വഴി വന്നുചേരുന്നവരുടെ എണ്ണം കുറയ്ക്കാമെന്നാണ് കണക്കുകൂട്ടല്‍.
രാജ്യത്തേക്ക് വരുന്ന അണ്‍സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വീസ ഇനി മുതല്‍ കൊടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതായും ഹോം സെക്രട്ടറി പറയുന്നു. ഇത്തരത്തില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം കടുത്ത നടപടികളിലൂടെ വെട്ടിച്ചുരുക്കാനാണ് ഹോം സെക്രട്ടറി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ജനറല്‍ ഇലക്ഷനില്‍ കുടിയേറ്റം നിര്‍ണായക വിഷയമാകാനുള്ള സാധ്യത പരിഗണിച്ചാണ് കുടിയേറ്റം നിയന്ത്രിക്കുന്നതിനുളള നടപടികള്‍ ശക്തമാക്കാന്‍ ഹോം സെക്രട്ടറി ശ്രമിക്കുന്നത്. നിലവില്‍ മിനിമം ശമ്പളം 26,200 പൗണ്ടാണ്.
രാജ്യത്തെ നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്ന കാലങ്ങളായുള്ള വാഗ്ദാനം പാലിക്കാന്‍ സാധിക്കാത്തതിനാല്‍ ടോറികള്‍ക്ക് നേരെ കടുത്ത വിമര്‍ശനം വര്‍ധിച്ച് വരുന്നതിനാലാണ് ഇത്തരം കടുത്ത നടപടികളുമായി ഹോം സെക്രട്ടറി തിരക്കിട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി കുടിയേറ്റം നയം വിപ്ലവകരമായ രീതിയില്‍ ഉടച്ച് വാര്‍ക്കുന്നതിനാണ് ഹോം സെക്രട്ടറി തയ്യാറെടുക്കുന്നത്. ഇതിലെ പ്രധാന നീക്കമെന്ന നിലയിലാണ് രാജ്യത്ത് തൊഴിലെടുക്കാനെത്തുന്ന വിദേശികളുടെ ഏറ്റവും ചുരുങ്ങിയ ശമ്പളനിബന്ധന ഉയര്‍ത്താന്‍ പോകുന്നത്.
ശമ്പളം നിര്‍ണയിക്കാന്‍ പോയിന്റുകള്‍ അടിസ്ഥാനമാക്കിയുളള ഇപ്പോഴത്തെ രീതി പ്രയോജനകരമല്ലെന്നാണ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം പരിധിവിട്ട് പെരുകുന്നതിനാല്‍ അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റ നിരക്കില്‍ കാര്യമായ വെട്ടിക്കുറയ്ക്കല്‍ വരുത്തുകയെന്ന ലക്ഷ്യമിട്ടാണ് ഹോം സെക്രട്ടറി കടുത്ത നടപടികള്‍ക്കൊരുങ്ങുന്നത്. അണ്‍സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ ആശ്രിതരായി യുകെയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ വീസ നല്‍കേണ്ടെന്ന നീക്കവും ഹോം സെക്രട്ടറി പരിഗണിക്കുന്നുണ്ട്.
രാജ്യത്ത് നെറ്റ് മൈഗ്രേഷന്‍ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നതിനാല്‍ കടുത്ത നടപടികള്‍ വേണ്ടി വരുമെന്നാണ് ഹോം ഓഫീസ് വക്താവ് പറയുന്നത്.നവംബറില്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് ഏറ്റവും പുതിയ കുടിയേറ്റ കണക്ക് പ്രസിദ്ധപ്പെടുത്താനിരിക്കുകയാണ്. അതിന് മുമ്പായി കടുത്ത കുടിയേറ്റ നയം നടപ്പിലാക്കാനാണ് ഹോം സെക്രട്ടറി ലക്ഷ്യമിടുന്നത്. നെറ്റ് മൈഗ്രേഷനില്‍ കുറവ് വരുത്താനായി സ്റ്റുഡന്റ്‌സ് തങ്ങളുടെ ആശ്രിതരെ യുകെയിലേക്ക് കൊണ്ട് വരുന്നത് നിയന്ത്രിക്കുന്ന ഉത്തരവ് ഹോം സെക്രട്ടറി മേയ്മാസത്തില്‍ പുറപ്പെടുവിച്ചിരുന്നു.
പുതിയ നീക്കമനുസരിച്ച് പി എച് ഡി കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ യുകെയിലേക്ക് തങ്ങളുടെ ആശ്രിതരെ കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂ. കുടിയേറ്റം നിയന്ത്രണമില്ലാതെ പെരുകുന്നതില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പ് ശക്തമാകുന്നതിന്റെ സൂചനകള്‍ ടോറികളെ പരിഭ്രാന്തിയാക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഭയവും പുതിയ പരിഷ്‌കാരങ്ങള്‍ തിരക്കിട്ട് നടപ്പിലാക്കാന്‍ ഹോം സെക്രട്ടറിയെ പ്രേരിപ്പിക്കുന്നു.
‘നമ്മുടെ പോയിന്റ് ബേസ്ഡ് സിസ്റ്റം പ്രകടനപത്രികയില്‍ പറഞ്ഞ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. നെറ്റ് മൈഗ്രേഷന്‍ വളരെ കൂടുതലാണെന്ന് പ്രധാനമന്ത്രിയും സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ ഹോം ഓഫീസുമായി ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കുകയാണ് അദ്ദേഹം’, ഒരു ഹോം ഓഫീസ് സ്രോതസ് വെളിപ്പെടുത്തി.
മേയ് മാസത്തില്‍ മൈഗ്രേഷന്‍ 606,000-ല്‍ എത്തിയിരുന്നു. യുക്രൈന്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ സ്‌കീം വഴി എത്തുന്നവരുടെ എണ്ണമേറിയതാണ് ഇൗ വര്‍ദ്ധനയ്ക്ക് പ്രധാന കാരണം. കൂടുതല്‍ കര്‍ശനമായ നീക്കങ്ങളുടെ ഭാഗമായി സീസണല്‍ സ്റ്റാഫ് പോലുള്ള അണ്‍സ്‌കില്‍ഡ് ജോലിക്കാരുടെ ആശ്രിതനെ കൊണ്ടുവരുന്നതിനും വിലക്ക് വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല