
സ്വന്തം ലേഖകൻ: കുടിയേറ്റ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ഋഷി സുനക് സര്‍ക്കാര്‍ ആലോചിക്കുന്നത്. കുടിയേറ്റത്തിനോടുള്ള മൃദസമീപനം സര്‍ക്കാര്‍ മാറ്റി വയ്ക്കുകയാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയായ ഇന്‍ഡഫനിറ്റ് ലീവ് ടു റെമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള കാലാവധി നീട്ടുന്ന കാര്യമാണ് ഇപ്പോള്‍ ഹോം ഓഫീസ് അധികൃതര്‍ പരിഗണിക്കുന്നത്.
മറ്റു രാജ്യങ്ങളുടെ ചുവട് പിടിച്ച്, ഐ എല്‍ ആര്‍ ലഭിക്കുന്നതിന് യു കെ യില്‍ തുടര്‍ച്ചയായി താമസിക്കേണ്ട സമയ കാലാവധി അഞ്ചു വര്‍ഷം എന്നതില്‍ നിന്നും എട്ടുവര്‍ഷമായി ഉയര്‍ത്താനാണ് ആലോചന. അതുമാത്രമല്ല, ഐ എല്‍ ആര്‍ ലഭിക്കണമെങ്കില്‍ ഒരു വ്യക്തി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും യു കെയില്‍ ജോലി ചെയ്തതായോ സ്‌കൂള്‍ പഠനം നടത്തിയതായോ തെളിയിക്കേണ്ടതായും വരും.
അതിനു പുറമെ അപേക്ഷിക്കുന്നതിന് മുന്‍പുള്ള പത്ത്വര്‍ഷക്കാലയളവില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് തെളിയിക്കണം. നിലവില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബ്രിട്ടീഷ് ജീവിതത്തെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയില്‍ നിന്നുള്ള ഇളവും ഇല്ലാതെയാക്കും. കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുക എന്നത് തന്റെ പ്രഖ്യാപിത നയങ്ങളില്‍ പ്രഥമ പരിഗണന ലഭിക്കുന്നവയില്‍ ഒന്നാണെന്ന് പ്രധാന മന്ത്രി ഋഷി സുനക് പറഞ്ഞതിനു തൊട്ടു പിന്നാലെയാണ് ഈ നീക്കം.
വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരുടെ ഒരു ചര്‍ച്ചയും ഋഷി സുനക് കഴിഞ്ഞയാഴ്ച മുന്‍കൈ എടുത്ത് സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, അടുത്ത തെരെഞ്ഞെടുപ്പിന്’ മുന്‍പായി നടത്തുമെന്ന് പ്രഖ്യാപിച്ച അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് ചാനല്‍ വഴിയുള്ള അനധികൃത അഭയാര്‍ത്ഥി പ്രവാഹം തടയും എന്നത്. മിഡ്‌ലന്‍ഡ്‌സിലെയും വടക്കന്‍ മേഖലയിലേയും ലേബര്‍ ശക്തി കേന്ദ്രങ്ങളിലെ വോട്ടുകളുടെ സ്വഭാവം നിയന്ത്രിക്കുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്.
ബ്രിട്ടീഷ് പൗരത്വം എന്നത് ഒരു അവകാശമല്ലെന്നും മറിച്ച് ഒരു വിശിഷ്ട പദവിയാണെന്നുമായിരുന്നു ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പ്രതികരിച്ചത്. അത് നേടിയെടുത്തവര്‍ രാജ്യത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയവരാണെന്നും വക്താവ് പര്‍ഞ്ഞു. യു കെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് യു കെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കാന്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ ആലോചിക്കുന്നു എന്ന് കാബിനറ്റ് മന്ത്രി മൈക്കല്‍ ഗോ കഴിഞ്ഞ ദിവസം ആരോപിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല