സ്വന്തം ലേഖകൻ: യുകെയിൽ പ്രഖ്യാപിച്ച കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങൾ വിശദമാക്കുന്ന ഫാക്ട് ഷീറ്റ് പുറത്തുവിട്ട് ഹോം ഓഫിസ്. പ്രധാന മന്ത്രി ഋഷി സുനകും ഹോം സെക്രട്ടറി ജയിംസ് ക്ലെവർലിയും പ്രഖ്യാപിച്ച കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങൾ ആണ് ഫാക്ട് ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. മാറ്റങ്ങൾ ഉണ്ടാകുന്ന നയങ്ങള്‍ എപ്പോള്‍ നിലവില്‍ വരുമെന്നത് ഉള്‍പ്പെടെ വിവരങ്ങള്‍ ഇതില്‍ പറയുന്നുണ്ട്. ഏപ്രിൽ മുതലായിരിക്കും കുടിയേറ്റ നയ മാറ്റങ്ങള്‍ പ്രാബല്യത്തിൽ വരിക.
കെയര്‍ വര്‍ക്കര്‍മാരും സീനിയര്‍ കെയര്‍ വര്‍ക്കര്‍മാരും യുകെയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നത് വിലക്കുന്നതും സ്‌കില്‍ഡ് വര്‍ക്കര്‍ വീസയുടെ കുറഞ്ഞ വാർഷിക വരുമാനം 38,700 പൗണ്ടായി ഉയര്‍ത്താനുള്ള പദ്ധതിയെ കുറിച്ചും ഫാക്ട് ഷീറ്റിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ ഏപ്രിൽ മുതൽ 38,700 പൗണ്ടായി ഒറ്റയടിക്ക് വരുമാന പരിധി ഉയർത്തില്ല. മൂന്ന് ഘട്ടങ്ങളായി ആകും 38,700 ൽ എത്തുക. എൻഎച്ച്എസിൽ ഹെല്‍ത്ത് കെയര്‍ വീസയ്ക്കായി ശ്രമിക്കുന്നവര്‍ക്ക് ശമ്പള പരിധി വര്‍ധനവിൽ നിന്നും ഇളവ് നല്‍കുമെന്ന് ഉറപ്പായിട്ടുണ്ട്.
കുടിയേറ്റ നിയമങ്ങളില്‍ ഭേദഗതി വരുന്ന മാർച്ച് വരെ നിലവിലെ ശമ്പളപരിധിയും നയങ്ങളും തുടരും. അടുത്ത വര്‍ഷത്തോടെ മാത്രമാണ് കൂടുതല്‍ നയപരമായ വിവരങ്ങള്‍ പ്രഖ്യാപിക്കുക. നിലവില്‍ യുകെയിലുള്ള കെയര്‍, സീനിയര്‍ കെയര്‍ വര്‍ക്കേഴ്‌സിന് ആശ്രിതരെ കൊണ്ടുവരാന്‍ തടസമില്ല. അതേസമയം മറ്റ് റൂട്ടുകളില്‍ യുകെയില്‍ എത്തിയ ശേഷം കെയര്‍ വീസയിലേക്ക് മാറിയവര്‍ക്ക് ആശ്രിതരെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഫാക്ട് ഷീറ്റ് വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം ഉള്ള യുകെ ഹോം ഓഫീസ് വെബ്സൈറ്റ് ലിങ്ക് പരിശോധിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല