1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2023

സ്വന്തം ലേഖകൻ: യുകെയിൽ നോവ കൊടുങ്കാറ്റില്‍പ്പെട്ട് കടലില്‍ മുങ്ങിമരിച്ചതായി കരുതിയ ഇന്ത്യന്‍ വിദ്യാർഥിനി സ്വയം ജീവനൊടുക്കിയതാണെന്ന് റിപ്പോര്‍ട്ട്. ആറു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഹൈദരാബാദ് സ്വദേശിനി സായ് തേജസ്വി കുമാരറെഡ്ഡിയുടെ (24) മരണം ആത്മഹത്യയാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. അസ്‌ട്രോ നോട്ടിക്‌സ് ആൻഡ് സ്‌പേസ് എൻജിനീയറിങ്‌ വിദ്യാർഥിനിയായിരുന്ന തേജസ്വി യുകെയിലെ ബ്രൈറ്റണിലാണ് കടലിലേക്ക് വീണ് മരിച്ചത്. ഏപ്രില്‍ 11 നാണ് സംഭവം നടന്നത്.

കാറ്റും മഴയും തീരത്ത് ആഞ്ഞടിക്കുന്ന സമയത്ത് തേജസ്വി കടല്‍ത്തീരത്ത് നടക്കുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ കോടതിയില്‍ വ്യക്തമാക്കി. അങ്ങനെ നടക്കുന്നതിനിടയിലാണ് പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ് ആഞ്ഞടിക്കുന്ന തിരമാലകളിലേക്ക് എടുത്തു ചാടിയത്. അരയോളം വെള്ളം കയറിയപ്പോഴേക്കും നിലതെറ്റിവീണ തേജസ്വിയെ പിന്നെ വെള്ളത്തില്‍ ഉയര്‍ന്നു പൊങ്ങുന്നതാണ് കണ്ടത്. കടല്‍ത്തീരത്തിന് സമീപമുള്ള ഒരു ഫ്ളാറ്റിലെ മുകളിലത്തെ നിലയില്‍ ജോലി ചെയ്യുന്ന ഒരാളാണ് ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായത്.

റോയല്‍ സസെക്‌സ് കൗണ്ടി ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനുമുമ്പ് തന്നെ അവര്‍ പ്രാഥമിക ചികിത്സ നല്‍കി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവിടെ വച്ചു തന്നെ തേജസ്വി മരിച്ചിരുന്നു. വെസ്റ്റ് സസെക്‌സിലെ ചിചെസ്റ്ററില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ കുടുംബാംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. തേജസ്വിയുടെ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു പ്രതിനിധിയാണ് വിഡിയോ ലിങ്കില്‍ ഇന്‍ക്വസ്റ്റില്‍ പങ്കെടുത്തത്.

ബെഡ്ഫോര്‍ഡിലെ ക്രാന്‍ഫീല്‍ഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു. ക്രാൻഫീൽഡ് സ്റ്റുഡന്റസ് ഫോർ ദി എക്സ്പ്ലോറേഷൻ ആൻഡ് ഡെവലപ്പ്മെന്റ് ഓഫ് സ്പേസിന്റെ 2022-23 ലെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പഠന വിഷയങ്ങൾ തീവ്രമായത് ആയിരുന്നുവെങ്കിലും പിന്നീട് അതുമായി തേജസ്വി പൊരുത്തപ്പെട്ടിരുന്നതായി യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ് റെപ്രസന്റേറ്റീവ് മേധാവി ആയ ഫ്രാന്‍ റാഡ്ക്ലിഫ് പറഞ്ഞു. ഒരു പക്ഷെ പഠന സംബന്ധമായ പ്രയാസങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമായതെന്ന് കരുതുന്നവരുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.