സ്വന്തം ലേഖകൻ: യുകെയുടെ ആഭ്യന്തര തൊഴില്‍ വിപണിയില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കുടിയേറ്റം ഉപയോഗിച്ച് ജോലിക്കാരെ കണ്ടെത്തുന്നത് രാജ്യത്തെ പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഡെപ്യൂട്ടി ഹെഡ് ഗീതാ ഗോപിനാഥ് . രാജ്യത്തിന്റെ നിയമപരമായ കുടിയേറ്റം വളരെ ഉയര്‍ന്ന നിലയിലാണെന്ന് പ്രധാനമന്ത്രി സമ്മതിക്കുമ്പോഴാണ് യുകെയുടെ സമ്പദ് മേഖലയ്ക്ക് ഇത് അനിവാര്യമാണെന്ന് ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നത്.
പണപ്പെരുപ്പം ഇത്രയും ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ജോലിക്കാര്‍ വരുന്നത് യുകെയ്ക്ക് ഗുണം ചെയ്യുമെന്ന് ഗീതാ ഗോപിനാഥ് ബിബിസിയോട് പറഞ്ഞു. രാജ്യത്തേക്ക് വരികയും, പുറത്തേക്ക് പോകുകയും ചെയ്യുന്ന ആളുകളുടെ എണ്ണത്തിലെ വ്യത്യാസമായ നെറ്റ് മൈഗ്രേഷന്‍ 606,000 എന്ന റെക്കോര്‍ഡ് നിരക്കിലെത്തിയെന്ന് ഒഎന്‍എസ് കണക്കുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
യുകെയുടെ ഹെഡ്‌ലൈന്‍ പണപ്പെരുപ്പം ഏപ്രിലില്‍ 8.7 ശതമാനത്തിലേക്ക് കുറഞ്ഞു.
എന്നാല്‍ ഭക്ഷ്യ, എനര്‍ജി നിരക്കുകള്‍ ജി7 രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.8 ശതമാനത്തിലെത്തി. ‘ഈ സ്ഥിതിഗതിയില്‍ പണപ്പെരുപ്പം ഉയര്‍ന്നിരിക്കുമ്പോള്‍ ക്ഷാമം പരിഹരിക്കാന്‍ ജോലിക്കാര്‍ എത്തുന്നത് പണപ്പെരുപ്പം താഴ്ത്താന്‍ ഉപകരിക്കും’, ഐഎംഎഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യകെയില്‍ ഇപ്പോഴും ഒരു മില്ല്യണ്‍ വേക്കന്‍സികള്‍ ഉണ്ടെന്നാണ് കണക്ക്. അക്കൊമഡേഷന്‍ & ഫുഡ്, ഹെല്‍ത്ത് & സോഷ്യല്‍ വര്‍ക്ക്, പ്രൊഫഷണല്‍ സയന്റിഫിക് ജോലികള്‍ എന്നിവയിലാണ് ഉയര്‍ന്ന വേക്കന്‍സി നിരക്കുകള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല