സ്വന്തം ലേഖകൻ: യുകെയിൽ ലിശ നിരക്ക് ഉയര്‍ന്നതോടെ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ വീണ്ടുമുയര്‍ത്തി. നാറ്റ് വെസ്റ്റ് തെരഞ്ഞെടുത്ത ഫിക്‌സഡ് ഡീലുകളില്‍ 0.35 % വരെ വര്‍ധന വരുത്തി. ബാര്‍ക്ലേ, വെര്‍ജിന്‍ മണി തുടങ്ങിയ ലെന്‍ഡര്‍മാരും നിരക്കുകള്‍ വര്‍ധിപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് നാണയപ്പെരുപ്പ നിരക്ക് പിടിച്ച് കെട്ടുന്നതിനായി അടിസ്ഥാന പലിശനിരക്കില്‍ തുടര്‍ച്ചയായി വര്‍ധനവ് വരുത്തുന്നതിനെ തുടര്‍ന്നാണ് ലെന്‍ഡര്‍മാരും അതിനോട് മത്സരിച്ച് ഇത്തരത്തില്‍ നിരക്കുകളില്‍ വര്‍ധന വരുത്തുന്നത്. ജീവിതച്ചെലവുകള്‍ അനുദിനമെന്നോണം കുതിച്ചുയരുന്ന ഇക്കാലത്ത് മോര്‍ട്ട്‌ഗേജുള്ള ബ്രിട്ടീഷുകാര്‍ക്ക് ഇത് ഇരട്ട പ്രഹരമാണേല്‍പ്പിച്ച് കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ നീക്കമനുസരിച്ച് നാറ്റ് വെസ്റ്റ് തങ്ങളുടെ ഇപ്പോഴത്തെ കണ്‍സ്യൂമര്‍മാര്‍ക്കും പുതിയ കണ്‍സ്യൂമര്‍മാര്‍ക്കുമുള്ള തങ്ങളുടെ തെരഞ്ഞെടുത്ത രണ്ട് വര്‍ഷ , അഞ്ച് വര്‍ഷ ഡീലുകളുടെ നിരക്കുകളില്‍ 0.35 ശതമാനം വരെ വര്‍ധനവ് വരുത്തുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ രീതിയില്‍ രണ്ട് വര്‍ഷ ഫിക്‌സഡ് ഡീലുകളില്‍ 0.1 ശതമാനം വര്‍ധനവ് നടപ്പിലാക്കുമെന്ന് വെര്‍ജിന്‍ മണിയും സ്ഥിരീകരിച്ചിട്ടുണ്ട്. തല്‍ഫലമായി മൊത്തം നിരക്ക് ആറ് ശതമാനത്തിലധികമായിരിക്കും വര്‍ധിക്കുന്നത്. തങ്ങളുടെ ഫിക്‌സഡ് ഡീലുകളുടെ നിരക്കുകളുയര്‍ത്തുമെന്ന് ബാര്‍ക്ലേയും മുന്നറിയിപ്പേകിയിട്ടുണ്ട്.
പണപ്പെരുപ്പ നിരക്കിന് മൂക്ക് കയറിടാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇനിയും അടിസ്ഥാന പലിശനിരക്കില്‍ വര്‍ധനവ് വരുത്തുമെന്ന പ്രവചനം ശക്തമായതിനെ തുടര്‍ന്ന് പ്രമുഖ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാരെല്ലാം ഇനിയും നിരക്കുകളില്‍ വര്‍ധന വരുത്തുമെന്ന മുന്നറിയിപ്പ് ശക്തമാണ്. 2024 ആകുമ്പോഴേക്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന പലിശനിരക്ക് ആറ് ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. 40 ശതമാനം നിക്ഷേപത്തോട് കൂടിയ ആവറേജ് രണ്ട് വര്‍ഷ ഫിക്‌സഡ് ഡീലിന്റെ നിരക്ക് ജൂണ്‍ ഒന്നിന് 5.11 ശതമാനമായിരുന്നു. ഇത് നിലവില്‍ 6.10 ശതമാനമായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഈ ജൂണിലെ പലിശനിരക്കുയര്‍ത്തല്‍ ഇത്തരത്തിലുള്ള അവസാന പലിശനിരക്ക് ഉയര്‍ത്തൽ ആകുമെന്നായിരുന്നു പരക്കെ പ്രതീക്ഷപ്പെട്ടിരുന്നത്. പക്ഷേ ഇത്തരത്തില്‍ പലിശനിരക്ക് വര്‍ധിപ്പിച്ചിട്ടും നാണയപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചത് പോലെ താഴാത്തതിനാല്‍ ഇനിയും അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ ബിഒഎ നിര്‍ബന്ധിതമാകുമെന്നാണ് പ്രവചനം. ഇതിനെ തുടര്‍ന്ന് തങ്ങളുടെ നിരക്കുകള്‍ മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍മാര്‍ ഇനിയും വര്‍ധിപ്പിക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. വേരിയബിള്‍ റേറ്റുകാര്‍ വലിയ ബാധ്യതയാണ് നേരിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല