സ്വന്തം ലേഖകൻ: പലിശ നിരക്ക് ശരവേഗത്തില്‍ കുതിച്ചതിന്റെ ഫലമായി യുകെയില്‍ വിടുവാങ്ങാനാവാത്ത സ്ഥിതി. വീട് വാടക ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അവിടെയും രക്ഷയില്ലാത്ത അവസ്ഥയാണ്. രണ്ടു ശതമാനം പലിശക്ക് വായ്പ ലഭിച്ചിരുന്ന മോര്‍ട്ടഗേജ് നിരക്കുകള്‍ ആറു ശതമാനത്തിലേക്ക് ഉയര്‍ന്നതോടെ തിരിച്ചടവ് കഠിനമായി. ഇപ്പോള്‍ ഉയര്‍ന്ന വിലയില്‍ വീട് വാങ്ങാന്‍ തയാറായാല്‍ പണം ചോരും.
എന്നാല്‍ ഉയര്‍ന്ന വീട്ടുവാടക താങ്ങാനാകാതെ വീട് വാങ്ങുന്നതാണ് ബുദ്ധിയെന്നു ചിന്തിക്കുന്നവരും ഉണ്ട്. വീട് വില കുറയുന്ന ട്രെന്റ് വന്നാല്‍ പോലും സൗകര്യപ്രദമായ ഇടങ്ങളില്‍ വീട് വാടക കുറയുന്നില്ല. ഉയര്‍ന്ന വിലയില്‍ വീട് വാങ്ങിയാല്‍ അധ്വാനിക്കുന്ന പണം തിരിച്ചടവിനെ തികയൂ. വീട് വാങ്ങാതിരുന്നാല്‍ ഉയര്‍ന്ന വാടക നല്‍കിയും മുടിയും .വീട്ടു വാടകയോ മോര്‍ട്ട്‌ഗേജൊ നല്‍കിയാല്‍ ശേഷിക്കുന്ന പണം കൂട്ടിയ ബില്ലുകള്‍ക്കു പോലും തികയില്ലെന്ന് വന്നതോടെ കുടുംബ ബജറ്റ് താളംതെറ്റി.
യുകെയിലെ മലയാളി കുടുംബങ്ങളും മാന്ദ്യത്തിന്റെ പിടിയിലാണ്. അടുത്ത രണ്ടു വര്‍ഷത്തേക്ക് ഈ സാഹചര്യം തുടരും. മാന്ദ്യത്തിന്റെ പ്രത്യഘാതം അഞ്ചു വര്‍ഷമെങ്കിലും തുടരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏറ്റവും ചെറിയ വീട് വാങ്ങാന്‍ വേണ്ടി പോലും രണ്ടര ലക്ഷം പൗണ്ട് വായ്പ വേണ്ട സ്ഥിതിയാണ്.
അതായത് ശരാശരി 1700 പൗണ്ടിന് മുകളിലാണ് മാസം തോറുമുള്ള തിരിച്ചടവ്. പലിശ നിരക്ക് ഉയര്‍ന്നത് വഴി മോര്‍ട്ടഗേജില്‍ ശരാശരി 500 പൗണ്ട് എങ്കിലും ഒരു കുടുംബത്തിന് നഷ്ടപ്പെടും . എന്നാല്‍ വീട് വില കുറഞ്ഞാല്‍ മോര്‍ട്ടഗേജിന്റെ വലിപ്പം കുറയും. അതിനാല്‍ രണ്ടു വര്‍ഷം കാത്തിരിക്കാന്‍ ആണ് വിദഗ്ധരുടെ ഉപദേശം. 2025 ലും 2026 ലും ചെറിയ തോതില്‍ വില ഉയരാനുള്ള സാധ്യതയുണ്ടെന്നും ഓഫിസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല