സ്വന്തം ലേഖകന്‍: യൂറോപ്പിനു പുറത്തുള്ള ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും പുത്തന്‍ വിസയുമായി ബ്രിട്ടന്‍; കാലാവധി രണ്ടു വര്‍ഷം. ബ്രെക്‌സിറ്റിനെ വക്കില്‍ നില്‍ക്കുന്ന രാജ്യത്തിന്റെ ഗവേഷണ മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള യൂറോപ്പിനു പുറത്തുള്ള രാജ്യക്കാര്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ വിസ.
യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഗവേഷകര്‍ക്കാണ് ഈ വിസ ലഭിക്കുക. രണ്ട് വര്‍ഷത്തേക്കാണ് വിസയുടെ കാലാവധി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടനില്‍ ഗവേഷണം നടത്താനും പരിശീലിക്കാനം ഇത് നല്ലൊരവസരമാണെന്നും യുകെ ഇമ്മിഗ്രേഷന്‍ മന്ത്രി കരോലിന്‍ നോക്‌സ് അറിയിച്ചു. രാജ്യത്തെ കൂടുതല്‍ ചലനാത്മകവും ആഗോള വിപണന രംഗത്ത് മുന്നിലെത്തിക്കാനും ഇത് സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് വിസ ഇളവ് അനുവദിച്ച് അടുത്തിടെ നടത്തിയ പരിഷ്‌ക്കാരത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിദേശ ഗവേഷകരെ ക്ഷണിച്ച് കൊണ്ടുള്ള നടപടി. യുകെ റിസര്‍ച് ആന്‍ഡ് ഇന്നവേഷന്‍ (യുകെആര്‍ഐ) സയന്‍സ്, റിസര്‍ച് ആന്‍ഡ് അക്കാദമിയ സ്‌കീം എന്ന പേരിലുള്ള വിസ യുകെ ഇപ്പോള്‍ നല്‍കുന്ന ടിയര്‍ 5 (സര്‍ക്കാര്‍ അംഗീകൃത താല്‍ക്കാലിക ജോലി) വിസയുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും ഉള്‍പ്പെടെ അറുപതിലേറെ വിഭാഗങ്ങളിലെ വീസ ടിയര്‍ 5ല്‍ പെടും. യുകെആര്‍ഐ നേരിട്ടും നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം പോലെ മറ്റു 12 സ്ഥാപനങ്ങള്‍ മുഖേനയും ഗവേഷണ തല്‍പരരായ വിദ്യാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്യും. ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി (ബിഇഐഎസ്) വകുപ്പിനാണു മേല്‍നോട്ടച്ചുമതല. നേരത്തേ യുകെ സര്‍ക്കാര്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ടിയര്‍ 2 വീസയില്‍ നിന്ന് ഒഴിവാക്കി കൂടുതല്‍ പേര്‍ക്ക് അവസരം ഒരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല