സ്വന്തം ലേഖകൻ: വടക്കന്‍ ലണ്ടനില്‍ ഇസ്രയേലിനായി ഒരുക്കിയ ഒരു പ്രാര്‍ത്ഥനാ ചടങ്ങില്‍ പ്രധാനമന്ത്രി റിഷി സുനാക് പങ്കെടുക്കവേ പ്രതിഷേധവുമായി ആയിരക്കണക്കിന് പലസ്തീന്‍ അനുകൂലികള്‍. അതി ക്രൂരമായ ഭീകരാക്രമണത്തിന്റെ വേദന അനുഭവമാകുന്ന ഈ നിമിഷം ഇവിടെ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി സിനഗോഗിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പറഞ്ഞത്.
ഹമാസ്, പോരാളികളോ സ്വാതന്ത്ര്യ സമര സേനാനികളോ അല്ലെന്നും, കറകളഞ്ഞ ഭീകരര്‍ ആണെന്നും സുനക് പറഞ്ഞു. സമാധാനത്തിനായുള്ള സംഗീതോത്സവത്തില്‍ പങ്കെടുത്തവരെ ദയയില്ലാതെ കൊന്നു തള്ളുന്നത് ചെകുത്താന് മാത്രം കഴിയുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വിധ നീക്കുപോക്കുകള്‍ക്കോ, സന്തുലനം കൈവരുത്തുന്നതിനോ തയ്യാറല്ലെന്നും, താന്‍ പൂര്‍ണ്ണമായും ഇസ്രയേലിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വെസ്റ്റ് മിനിസ്റ്ററില്‍ യഹൂദ സമൂഹത്തിനായി ഒരു പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചിരുന്നു. സുരക്ഷാ മന്ത്രി ടോം ടുങ്കെന്‍ഡറ്റ്, നിഴല്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി തുടങ്ങിയവര്‍ അതില്‍ പങ്കെടുത്തിരുന്നു. ഏതാണ്ട് 20,000 പേരോളം ആ യോഗത്തില്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നോവ ആര്‍ഗാമനി എന്ന ഇസ്രയേലി വനിതയുടെ ചിത്രം പലരും ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഭീകരര്‍ ബന്ധികളാക്കിയ നൂറു കണക്കിന് പേരില്‍ ഇവരും ഉള്‍പ്പെടുന്നു.
അതേസമയം, ലണ്ടനിലെ ഇസ്രയേല്‍ എംബസിക്ക് മുന്‍പിലും പ്രധാന മന്ത്രിയുടെ ഓഫീസിനു മുന്‍പിലും പലസ്തീന്‍ അനുകൂലികള്‍ പ്രകടനം നടത്തി. കെന്‍സിംഗ്ടണില്‍ ഏകദേശം 5000 പേരായിരുന്നു ഒത്തു കൂടിയത്. പലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രയേല്‍ ഒരു ഭീകര രാഷ്ട്രമാണ് എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രതിഷേധം.
വൈകിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ആയ ഡൗണിംഗ് സ്ട്രീറ്റിനു പുറത്ത് ഏകദേശം 250 ഓളം വരുന്ന പലസ്തീന്‍ അനുകൂലികള്‍ സമാധാനപരമായ പ്രതിഷേധം നടത്തി. തൊട്ടടുത്തുള്ള ഒരു വിളക്കുമരത്തില്‍ ഒരു പലസ്തീന്‍ പതാക ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ എംബസ്സിക്ക് നേരെ കത്തിച്ച പടക്കങ്ങള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളോടുള്ള പ്രതികരണമായി മാത്രമെ ഗാസയില്‍ നിന്നുള്ള ആക്രമണത്തെ കാണാന്‍ കഴിയൂ എന്നാണ് പ്രതിഷേധം സംഘടിപ്പിച്ചവരില്‍ പ്രമുഖരായ പലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്ന്‍ പറഞ്ഞത്.
യഹൂദ വംശജര്‍ ഗണ്യമായുള്ള വടക്കന്‍ ലണ്ടനിലെ ഗോള്‍ഡേഴ്സ് ഗ്രീനില്‍ പോലീസ് പട്രോളിംഗ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനും ഇവിടെ പട്രോളിംഗിനായി മെട്രോപോളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ചേര്‍ന്നു. ഇവിടെയുള്ള, യഹൂദ വിഭവങ്ങള്‍ നല്‍കുന്ന ഒരു ഹോട്ടലിന്റെ ജനല്‍ ചില്ല് തല്ലി തകര്‍ക്കുകയും ക്യാഷ് രജിസ്റ്റര്‍ മോഷ്ടിക്കുകയും ചെയ്തതോടെയാണ് പട്രോളിംഗ് ശക്തിപ്പെടുത്തിയത്. പലസ്തീന്‍ സ്വതന്ത്രമാക്കണമെന്ന് അക്രമികള്‍ റെസ്റ്റോറന്റിന്റെ ചുമരില്‍ പോറിയിടുകയും ചെയ്തു.
യഹൂദ സമൂഹത്തെ പ്രകോപിക്കാനുള്ള ശ്രമം എന്നാണ് ഇതിനെ കുറിച്ച് പ്രദേശവാസികള്‍ പറയുന്നത്. വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റം ചാര്‍ത്തി, ഈ വാക്കുകള്‍ പോറിയിട്ട ആളെ കുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന ഏതൊരു നടപടിയും കര്‍ശനമായി കൈകാര്യം ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സ്യുവെല്ല ബ്രേവര്‍മാന്‍ ട്വിറ്ററില്‍ (എക്സ്) കുറിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ യുകെ ഇസ്രയേലിനൊപ്പമാണെന്നും, ഭീകര പ്രവര്‍ത്തനങ്ങളെ മഹത്വവത്ക്കരിക്കുന്ന ഒരു നടപടികളും ബ്രിട്ടീഷ് തെരുവുകളില്‍ അനുവദിക്കില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല