സ്വന്തം ലേഖകൻ: ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തുന്ന സമരങ്ങള്‍ 700 മണിക്കൂര്‍ പിന്നിടുമ്പോള്‍ കടുത്ത രോഷം രേഖപ്പെടുത്തി കാന്‍സര്‍ രോഗികള്‍. ജൂനിയര്‍ ഡോക്ടര്‍മാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് ഇന്ന് രാവിലെ 7 മണിക്ക് അവസാനിക്കും. ഇതോടെ മാര്‍ച്ച് മുതല്‍ ഇവരുടെ സമരങ്ങള്‍ 22 ദിവസമായി ഉയര്‍ന്നു.
സീനിയര്‍ ഡോക്ടര്‍മാര്‍ 6 ദിവസമാണ് പിക്കറ്റിംഗ് സംഘടിപ്പിച്ചത്. ബുധനാഴ്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം കൈകോര്‍ത്ത് സമരം ചെയ്തത് ചരിത്രത്തില്‍ ആദ്യത്തെ സംഭവമായി. ഒക്ടോബര്‍ 2ന് വീണ്ടും വാര്‍ഡുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജൂനിയര്‍ ഡോക്ടര്‍മാരോടും, കണ്‍സള്‍ട്ടന്റുമാരോടും ആവശ്യപ്പെടും.
മാഞ്ചസ്റ്ററില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുന്ന ഘട്ടത്തിലാണ് ബിഎംഎ സമരപ്രക്ഷോഭം ശക്തിപ്പെടുത്തുന്നത്. ഒരു മില്ല്യണോളം അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് ഈ ഘട്ടത്തില്‍ റദ്ദാക്കപ്പെട്ടതെന്നാണ് കരുതുന്നത്. നിരവധി രോഗികള്‍ക്ക് പല തവണ ഈ ദുരിതം നേരിടേണ്ടി വന്നിട്ടുണ്ട്.
എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരമായ 7.7 മില്ല്യണിലാണുള്ളത്. ക്യാന്‍സര്‍ രോഗികളുടെ കീമോതെറാപ്പി വരെ സമരങ്ങളെ തുടര്‍ന്ന് തടസ്സപ്പെടുന്നുവെന്നത് ഗുരുതരമായ വിഷയമാണ്. കൃത്യമായ ഇടവേളകളില്‍ ചെയ്യുന്ന കീമോതെറാപ്പി നീട്ടിവെയ്ക്കുന്നത് രോഗികള്‍ക്ക് ആശങ്കയ്‌ക്കൊപ്പം ആപത്തായും മാറിയേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല