സ്വന്തം ലേഖകൻ: ക്യൂന്‍ എലിസബത്തിന്റെ മരണത്തിന് പിന്നാലെ അവരുടെ മകന്‍ ചാള്‍സിനെ ബ്രിട്ടന്റെ പുതിയ രാജാവായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ബക്കിങ്ഹാം കൊട്ടാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ചേരുന്ന അക്‌സെഷന്‍ കൗണ്‍സില്‍ യോഗത്തിലാണു പ്രഖ്യാപനമുണ്ടാവുക.
കിങ് ചാള്‍സ് മൂന്നാമന് ശേഷം, അദ്ദേഹത്തിന്റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമാണ് പിന്തുടര്‍ച്ചാവകാശം. രാജകുടുംബത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, പിന്തുടര്‍ച്ചാവകാശിയെ തീരുമാനിക്കുന്നതില്‍ പാര്‍ലമെന്ററി പദവിയും നിര്‍ണായകമാണ്.
2013 ലെ കിരീടാവകാശ നിയമം രണ്ട് മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇളയ മകന് മൂത്ത മകളെ പിന്തുടര്‍ച്ചാവകാശത്തില്‍ പിന്നിലാക്കാമെന്നതും റോമൻ കത്തോലിക്കരെ വിവാഹം കഴിക്കുന്നവരെ പിന്തുടർച്ചാവകാശത്തിൽ നിന്ന് അയോഗ്യരാക്കാമെന്നതും ഒഴിവാക്കി. 2011 ഒക്ടോബർ 28 ന് ശേഷം ജനിച്ചവർക്ക് മാത്രമാണ് ഇത് ബാധകമായിട്ടുള്ളത്.
ചാള്‍സ് പുതിയ രാജാവാകുന്നതോടെ, അദ്ദേഹത്തിന്റേയും മരണപ്പെട്ട ഡയാനയുടേയും മൂത്ത മകനായ വില്യം രാജകുമാരനാണ് (40) അടുത്ത കിരീടാവകാശി. കോൺവാളിന്റെയും കേംബ്രിഡ്ജിന്റെയും പ്രഭുവാണ് വില്യം രാജകുമാരന്‍. കാതറിനാണ് വില്യം രാജകുമാരന്റെ ഭാര്യ. വില്യം രാജകുമാരന് ശേഷം അദ്ദേഹത്തിന്റെ മൂന്ന് മക്കളാണ് കിരീടാവകാശികള്‍.
വില്യം രാജകുമാരന്റെ മൂത്ത മകന്‍, ഒന്‍പത് വയസുകാരനായ ജോര്‍ജ് രാജകുമാരനാണ് ചാള്‍സ് രാജാവിന്റെ പിന്തുടര്‍ച്ചാവകാശികളില്‍ രണ്ടാമന്‍.
ഏഴു വയസുകാരിയായ ഷാർലറ്റ് രാജകുമാരിയാണ് ചാള്‍സ് രാജാവിന്റെ പിന്തുടര്‍ച്ചാവകാശികളില്‍ മൂന്നാമത്തെയാള്‍. എന്നാല്‍, ജോര്‍ജ് രാജകുമാരന് മക്കള്‍ ഉണ്ടാവുകയാണെങ്കില്‍ അവര്‍ ഷാര്‍ലെറ്റിനെ മറികടക്കും (ജോര്‍ജിന്റെ മരണശേഷം). നാല് വയസുകാരനായ ലൂയിസ് രാജകുമാരനാണ് നാലാമത്തെ കിരീടാവകാശി.
ഡയാന രാജകുമാരിയുടേയും ചാള്‍സ് രാജാവിന്റേയും ഇളയ മകനായ പ്രിന്‍സ് രാജകുമാരനാണ് കിരീടാവകാശികളില്‍ അഞ്ചാമന്‍. ഹാരിയുടേയും മേഗന്‍ മാര്‍ക്കിളിന്റേയും മക്കളായ ആര്‍ഖി (3), ലില്ലിബെറ്റ് ഹാരിസണ്‍ മൗണ്ട്ബാറ്റണ്‍ വിന്‍സര്‍ (1) എന്നിവര്‍ യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളിലും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല