സ്വന്തം ലേഖകൻ: ബ്രിട്ടീഷ് കൊട്ടാര പാറാവുകാരുടെ ബെയർസ്കിൻ തലപ്പാവിനായി പ്രതിവർഷം കൊല്ലുന്നത് നൂറിലധികം കരടികളെ! ബെയർസ്കിൻ എന്നറിയപ്പെടുന്ന ഈ തലപ്പാവുകൾ ഇപ്പോഴും കരടികളുടെ രോമം കൊണ്ടുതന്നെ നിർമിക്കുന്നവയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രതിവർഷം നൂറിനടുത്ത് കരടികളെയാണ് തലപ്പാവുകളുടെ നിർമാണത്തിനായി കൊല്ലുന്നത്. ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.
17-ാം നൂറ്റാണ്ടുമുതൽ ഭടന്മാരുടെ ഔദ്യോഗിക വസ്ത്രത്തിൽ കരടിത്തോലിൽ നിർമിച്ച തലപ്പാവും ഉൾപ്പെടുന്നുണ്ട്. ബ്രിട്ടിഷ് സ്വദേശിയായ ഒരു തലപ്പാവ് നിർമാതാവാണ് കൊട്ടാരത്തിലെ കാവൽക്കാർക്ക് വേണ്ടിയുള്ള തലപ്പാവുകൾ ഒരുക്കുന്നത്. ഇതിനായുള്ള കരടി രോമം രാജ്യാന്തര മാർക്കറ്റിൽ നിന്ന് ലേലത്തിൽ വാങ്ങുകയാണ് ചെയ്യുന്നത്. അൻപതിനും നൂറിനും ഇടയ്ക്ക് കരടിത്തോലുകളാണ് പ്രതിവർഷം വാങ്ങുന്നത്. ഒരു തോലിന് 650 പൗണ്ടാണ് (61000 രൂപ) വില.
കനേഡിയൻ ബ്ലാക്ക് ബെയർ വിഭാഗത്തിൽപ്പെട്ട കരടികളുടെ തോലാണ് തൊപ്പി നിർമാണത്തിന് ഉപയോഗിക്കുന്നത്. പെൺകരടികളുടെ കട്ടിയുള്ള രോമം നിറഞ്ഞ തോലുകളാണ് അതിൽ പ്രധാനം. പിന്നീട് ഇവയിൽ കറുത്ത നിറം ചേർത്ത ശേഷമാണ് തലപ്പാവായി നിർമിച്ചെടുക്കുന്നത്. തലപ്പാവ് നിർമിക്കുന്നതിനായി ഇത്രയധികം കരടികളെ കൊന്നെടുക്കുന്നതിനെതിരെ പതിറ്റാണ്ടുകൾക്കു മുൻപുതന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
എന്നാൽ കാലം ഇത്രയും കടന്നു പോയിട്ടും മൃഗങ്ങളെ കൊന്നൊടുക്കാതെ ഇതേ മാതൃകയിൽ തലപ്പാവ് ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യകളുണ്ടായിട്ടും ഇപ്പോഴും പരമ്പരാഗത രീതി തന്നെയാണ് പിന്തുടരുന്നതെന്ന വാർത്തകൾ പുറത്തു വന്നതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
തോലുരിച്ചെടുക്കുന്നതിനായി കരടികളെ അതിക്രൂരമായിയാണ് കൊലചെയ്യുന്നതെന്നും ഈ സമ്പ്രദായം നിർത്തണമെന്നും ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് നിരവധി പ്രതിഷേധ പരിപാടികൾക്കു രൂപം നൽകിയിട്ടുണ്ട്. പല ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നതോടെ പ്രതിരോധ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
കരടിയുടെ തോലിനു പകരം ബദൽ മാർഗങ്ങൾ പല കാലങ്ങളിലായി പരീക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ അവയ്ക്കൊന്നും കരടി രോമം പോലെ സ്വാഭാവികമായി ഈർപ്പത്തെ തടഞ്ഞു നിർത്താനുള്ള കഴിവില്ലെന്നുമാണ് വിശദീകരണം. മറ്റേതൊരു വസ്തു ഉപയോഗിച്ചാലും അവ ജലാംശം അധികമായി വലിച്ചെടുക്കുന്നു മൂലം കാവൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും.
കാട്ടുകരടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കനേഡിയൻ ഭരണകൂടം അവയെ കൊന്നൊടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ കൊലചെയ്യപ്പെടുന്നവയുടെ തോലാണ് തലപ്പാവ് നിർമാണത്തിനായി പ്രധാനമായും ഉപയോഗിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല