സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനായുള്ള തെരഞ്ഞെടുപ്പ്, ജെറമി കോര്‍ബിനെതിരെ പാളയത്തില്‍ പടയെന്ന് സൂചന. പാര്‍ട്ടിയുടെ തലപ്പത്തുനിന്ന് ജെറമി കോര്‍ബിനെ മാറ്റുന്നത് സംബന്ധിച്ച വോട്ടെടുപ്പിന് തിങ്കളാഴ്ചയാണ് തുടക്കമായത്. പാര്‍ട്ടിയുടെ ഭാവിയെതന്നെ ബാധിക്കുന്നതാണ് വോട്ടെടുപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടിയിലെ ഭിന്നിപ്പ് വോട്ടെടുപ്പോടെ രൂക്ഷമാകുമെന്നും നിരീക്ഷര്‍ കരുതുന്നു. കോര്‍ബിന്‍ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗമായ ഓവന്‍ സ്മിത്ത് പാര്‍ട്ടി തലപ്പത്തത്തെും. കോര്‍ബിന്റെ പഴയകാല വിശ്വസ്തനായ സ്മിത്ത് സോഷ്യലിസ്റ്റ് വിപ്‌ളവം വാഗ്ദാനം ചെയ്താണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ബാലറ്റിലൂടെയും ഓണ്‍ലൈനായും പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടാകും. സെപ്റ്റംബര്‍ 21 വരെയാണ് തെരഞ്ഞെടുപ്പിനുള്ള സമയം. കോര്‍ബിന് ട്രേഡ് യൂനിയന്‍ സംഘടനകളുടെ പിന്തുണയുണ്ടെങ്കിലും പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ പൂര്‍ണമായും ലഭിച്ചിട്ടില്ല. 80 ശതമാനം എം.പിമാരും നേതൃത്വത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
സെപ്റ്റംബര്‍ 24ന് ലിവര്‍പൂളില്‍ നടക്കുന്ന സ്‌പെഷല്‍ കോണ്‍ഗ്രസിലാണ് വോട്ടെടുപ്പ് ഫലം പുറത്തുവിടുക. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് ജെറമി കോര്‍ബിനെ പുറത്താക്കാന്‍ വോട്ടെടുപ്പ് നടത്തണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. ദ ഒബ്‌സര്‍വറില്‍ എഴുതിയ ലേഖനത്തിലാണ് സാദിഖ് കോര്‍ബിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഓവന്‍ സ്മിത്തിന് അധികാരം കൈമാറാന്‍ കോര്‍ബിന്‍ തയാറാകണമെന്നും സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല