സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാര്‍ക്ക് വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കാന്‍ സഹായം നല്‍കുന്ന അഭിഭാഷകർക്ക് എതിരായി കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് യുകെ. അനധികൃത കുടിയേറ്റക്കാരെ വ്യാജ വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രേരിപ്പിക്കുന്ന അഭിഭാഷകര്‍ക്ക് ജീവപര്യന്തം ജയില്‍ശിക്ഷ നല്‍കാനാണ് നീക്കമെന്നാണ് പുറത്തു വരുന്ന സൂചന.
നാടുകടത്തുന്നത് ഒഴിവാക്കാന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വിദഗ്ദ ഉപദേശം നല്‍കുന്ന സോളിസിറ്റര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കാനായി ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ പുതിയ ടാക്സ്ഫോഴ്സിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഗവണ്‍മെന്റും നിയമപാലകരും തമ്മില്‍ കൂടുതല്‍ ഏകോപനം വരുത്താനാണ് പ്രൊഫഷനല്‍ എനേബിളേഴ്സ് ടാസ്‌ക്ഫോഴ്സ് തയാറെടുക്കുന്നത്.
ഇത്തരത്തിലുള്ള നടപടികൾ വഴി കൂടുതല്‍ പ്രോസിക്യൂഷനുകള്‍ വിജയകരമായി നടത്താമെന്ന് മന്ത്രിമാര്‍ പ്രതീക്ഷിക്കുന്നു. തട്ടിപ്പ് നടത്തുന്ന അഭിഭാഷകര്‍ക്ക് സെക്ഷന്‍ 25 പ്രകാരം ജീവപര്യന്തം ശിക്ഷയാണ് നല്‍കുക. അടുത്തിടെ ഒരു ഇമിഗ്രേഷന്‍ സ്ഥാപനവും രാജ്യം തിരയുന്ന, മനുഷ്യക്കടത്തിന് കൂട്ടുനിൽക്കുന്നയാളും തമ്മിലുള്ള ബന്ധം പുറത്തുവന്നത് അധികൃതരെ ഞെട്ടിച്ചിരുന്നു.
നിയമസ്ഥാപനങ്ങള്‍ വ്യാജ അഭയാര്‍ഥി അപേക്ഷകള്‍ നല്‍കാന്‍ നിയമസഹായം നല്‍കുന്നത് ഒളിക്യാമറ ഓപ്പറേഷനില്‍ പുറത്തുവന്നിരുന്നു. ആയിരക്കണക്കിന് പൗണ്ട് ഈടാക്കിയാണ് അഴിമതിക്കാരായ സോളിസിറ്റര്‍മാര്‍ ഉത്തരം തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത്. അനധികൃത കുടിയേറ്റം നിര്‍ത്തലാക്കാനുള്ള നടപടിയുടെ ഭാഗമായാണ് നീക്കമെന്ന് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല