സ്വന്തം ലേഖകൻ: ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടി കണ്ടെത്തിയ മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസിന് (47) പ്രത്യേകതകൾ ഏറെയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി മൽസരത്തിന് ഇറങ്ങിയ വ്യക്തിയായിരുന്നു ലിസ്. ഋഷി സുനക്കിന്റെയും കൂട്ടരുടെയും വിമത നീക്കത്തിലും അവസാനനിമിഷം വരെ ബോറിസ് ജോൺസണ് പിന്തുണ നൽകിയ ശേഷമായിരുന്നു ലിസിന്റെ ഈ നീക്കം. ലീഡർഷിപ്പ് ഇലക്ഷനിൽ എംപിമാരുടെ പിന്തുണയിൽ രണ്ടാമതായിട്ടും അവസാനവട്ടം പാർട്ടി അംഗങ്ങളുടെ പിന്തുണിൽ ഒന്നാമത് എത്താനായി എന്നതാണ് അപൂർവതകളിൽ ഏറ്റവും ശ്രദ്ധേയം. ഇതിൽ ബോറിസ് പക്ഷത്തിന്റെ പിന്തുണ നിർണായകവുമായി.
ലേബർ പാർട്ടി അംഗങ്ങളുടെ കുടുംബത്തിൽനിന്നെത്തി മാർഗരറ്റ് താച്ചറിന്റെ അനുയായിയായി മാറുകയായിരുന്നു മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ്. കൺസർവേറ്റിവ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന മാർഗരറ്റ് താച്ചറിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ ലേബർ പാർട്ടി അംഗങ്ങളായ മാതാപിതാക്കൾക്കൊപ്പം അഞ്ചാം വയസ്സിൽ ട്രസും പങ്കെടുത്തിട്ടുണ്ട്.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ഓക്സ്ഫഡിൽ പഠിക്കാനെത്തിയ ലിസ് ട്രസ് പിന്നീട് താച്ചറിനെ മനസ്സിലേറ്റി. സോവിയറ്റ് യൂനിയൻ തകർച്ച നേരിട്ടപ്പോൾ കിഴക്കൻ യൂറോപ്പിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടത്തിയ യാത്രകളാണ് രാഷ്ട്രീയ വീക്ഷണം മാറ്റിയതെന്ന് ലിസ് ട്രസ് ഓർക്കുന്നു. ഏറെ വെല്ലുവിളികൾ നേരിട്ടാണ് കൺസർവേറ്റിവ് പാർട്ടിയെയും ബ്രിട്ടനെയും നയിക്കാൻ 47കാരിയായ ലിസ് ട്രസ് എത്തുന്നത്.
ഓക്‌സ്‌ഫഡിലെ കണക്ക് പ്രഫസറായ പിതാവിന്റെയും നഴ്‌സായ മാതാവിന്റെയും മകളായി 1975 ജൂലൈ 26ന് ജനിച്ച ട്രസ്, സ്‌കോട്ട്‌ലൻഡിലെ പെയ്‌സ്‌ലി, ഇംഗ്ലണ്ടിലെ ലീഡ്‌സ്, കിഡർമിൻസ്റ്റർ, ലണ്ടൻ എന്നിങ്ങനെ യു.കെയുടെ വിവിധ ഭാഗങ്ങളിലാണ് വളർന്നത്. 12 വർഷമായി സൗത്ത് വെസ്റ്റ് നോർഫോക് പാർലമെന്റ് മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അക്കൗണ്ടന്റ് ഹ്യൂ ഒ ലിയറി ആണ് ഭർത്താവ്. 2000ത്തിലായിരുന്നു വിവാഹം. 16 വയസ്സുള്ള ഫ്രാൻസസ്, 13 വയസ്സുള്ള ലിബർട്ട് എന്നീ രണ്ട് പെൺമക്കളുണ്ട്.
ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ വേഷമണിഞ്ഞ് ഏഴാം വയസ്സിൽ സ്കൂളിലെ മോക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട് ലിസ്. ആ തിരഞ്ഞെടുപ്പിൽ സ്വന്തം വോട്ടുപോലും കിട്ടാതെ പൂജ്യം വോട്ടുകൾക്കു തോൽവി ഏറ്റുവാങ്ങിയതിനെ അവർ പിന്നീട് ഓർത്തെടുത്തത് ഇങ്ങനെയാണ്, “ഞാൻ അവസരത്തിനൊത്ത് ഉയർന്നു. ഹൃദയസ്പർശിയായി പ്രസംഗിച്ചു. എന്നാൽ എല്ലാം പൂജ്യം വോട്ടിൽ അവസാനിച്ചു. ഞാൻ പോലും എനിക്കു വോട്ട് ചെയ്തില്ല.’’
2001ലും 2005ലും പൊതുതെരഞ്ഞെടുപ്പിൽ വെസ്റ്റ് യോർക്ക്ഷെയറിൽനിന്നു മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2006ൽ ഗ്രീൻവിച്ചിൽനിന്ന് കൗൺസിലറായി. 2010ൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2012ൽ വിദ്യാഭ്യാസ മന്ത്രിയായി സ്ഥാനക്കയറ്റം. 2014ൽ പരിസ്ഥിതി സെക്രട്ടറിയായി. 2016ൽ തെരേസ മേ അധികാരത്തിലെത്തിയപ്പോൾ ആദ്യം നിയമസെക്രട്ടറിയായും പിന്നീട് ട്രഷറി ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
2019ൽ ബോറിസ് ജോണ്സൻ അധികാരത്തിലെത്തിയപ്പോൾ രാജ്യാന്തര വ്യവസായ സെക്രട്ടറിയായി. 2021ൽ വിദേശകാര്യ സെക്രട്ടറിയായതോടെ ലോകം ശ്രദ്ധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾക്ക് കഴിഞ്ഞു. ബ്രക്സിറ്റ് കരാറുകൾ, റഷ്യയുടെ യുക്രെയ്ൻ അധിനിവേശം, ഇതിന്റെ പേരിൽ റഷ്യയ്ക്കെതിരേയുള്ള പാശ്ചാത്യ ഉപരോധം എന്നിവയിലെല്ലാം ഉറച്ചശബ്ദമായി ലിസ് ട്രസ് മാറി.
ഇതുവഴി സ്വരൂപിക്കപ്പെട്ട ബഹുജന പിന്തുണയാണ് സാന്പത്തിക പ്രതിസന്ധിയെ ഉൾപ്പെടെ അഭിമുഖീകരിക്കുന്ന ബ്രിട്ടനെ നയിക്കാനുള്ള ചുമതലയിലെത്തി നിൽക്കുന്നത്. സാന്പത്തിക പ്രതിസന്ധിക്കു പരിഹാരമായി നികുതി വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെ ലിസ് ട്രസ് പ്രഖ്യാപിച്ച പദ്ധതികൾ ജനങ്ങൾ അംഗീകരിക്കുകയായിരുന്നു. ഊർജ പ്രതിസന്ധിയെ നേരിടാനുള്ള നിർദേശവും ശ്രദ്ധിക്കപ്പെട്ടു. ഇവയെല്ലാം അധികാരത്തിലേക്കുള്ള യാത്രയിൽ ലിസ് ട്രസിന് വഴികാട്ടിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല