സ്വന്തം ലേഖകൻ: ദേശീയ തലത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാനില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. പകരം രോഗവ്യാപനത്തിന്റെ തോതനുസരിച്ച് പ്രാദേശിക തലത്തിൽ മൂന്നു ശ്രേണികളായുള്ള കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
രോഗവ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യത്തെ മൂന്നു മേഖലകളായി തിരിക്കും. മീഡിയം, ഹൈ, വെരി ഹൈ എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിയന്ത്രണങ്ങൾ ലഘൂകരിച്ച് ജനജീവിതം സുഗമമാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി.
മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും വിശകലനങ്ങൾക്കും ശേഷമാണ് വീണ്ടും ദേശീയ ലോക്ഡൗൺ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. രോഗവ്യാപനം അതി രൂക്ഷമാകുകയും അതിന് അനുശ്രതമായി മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ലോക്ഡൗണിനുള്ള സമ്മർദം സർക്കാരിനുമേൽ ശക്തമായിരുന്നു. എന്നാൽ രണ്ടാം ലോക്ഡൗൺ സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന തിരിച്ചടികൾ ഇതിൽനിന്നും സർക്കാരിനെ പിന്തിരിപ്പിക്കുകയായിരുന്നു.
ദിവസേന 15,000 പേർ രോഗികളാകുകയും എഴുപതോളം പേർ മരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളത്. ഇന്നലെ മാത്രം രോഗികളായത് 13,972 പേരാണ്, മരണ സംഖ്യ 50 ഉം. ഈ സാഹചര്യത്തിലാണ് രോഗബാധയുടെ തോതനുസരിച്ച് ഓരോ പ്രദേശത്തെയും തിരിച്ച് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
പുതിയ സംവിധാനത്തിൽ ഇംഗ്ലണ്ടിലെ എല്ലാ പ്രദേശങ്ങളും മീഡിയം അലേർട്ട് ലെവലിലാണ്. ഇവിടങ്ങളിൽ സ്കൂളികളും യൂണിവേഴ്സിറ്റികളും റീട്ടെയിൽ ഒട്ട്ലെറ്റുകളും സാധാരണ നിലയിൽ പ്രവർത്തനം തുടരും. ലിവർപൂൾ സിറ്റി റീജിയണാണ് നിലവിൽ രാജ്യത്ത് വെരി ഹൈ അലേർട്ട് ലെവലിൽ ഉള്ളത്. ഇവിടെ പബ്ബുകളും ബാറുകളും ഷോപ്പുകളുമെല്ലാം അടച്ചുള്ള കർശന നിയന്ത്രണാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന പൗരന്‍മാരെക്കുറിച്ച് ചിന്ത വേണമെന്നാണ് രാജ്യത്തെ ചെറുപ്പക്കാരോട് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ വികാരനിര്‍ഭരയായി പറഞ്ഞത്. കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ ഹോട്ട്സ്പോട്ടുകളിലെല്ലാം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരിക്കണമെന്നും അവര്‍ അന്ത്യശാസനം നല്‍കി. ബര്‍ലിന്‍, ബ്രമന്‍, കൊളോണ്‍, ഡോര്‍ട്ട്മുണ്‍ഡ്, ഡുസല്‍ഡോര്‍ഫ്, എസന്‍, ഫ്രാങ്ക്ഫര്‍ട്ട്, ഹാംബുര്‍ഗ്, ലീപ്സിഗ്, മ്യൂണിച്ച്, സ്ററുട്ട്ഗര്‍ട്ട് എന്നിവിടങ്ങളിലെ മേയര്‍മാരുമായി ചാന്‍സലര്‍ ഫോണിലൂടെ ചര്‍ച്ച നടത്തി.
അമ്പത് പേര്‍ക്ക് രോഗമുള്ള പ്രദേശങ്ങളെയെല്ലാം രാജ്യത്ത് റിസ്ക് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെയ്നിലാകട്ടെ, തലസ്ഥാനമായ മാഡ്രിഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാഗികമായി ലോക്ഡൗക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കര്‍ക്കശമായി നടപ്പാക്കുന്നതിനാണിത്. മൂന്നു ദിവസം ആരും അത്യാവശ്യമില്ലാതെ വീടിനു പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല