സ്വന്തം ലേഖകൻ: കഴിഞ്ഞ മേയില്‍ ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ലംപ്‌സം തുക ലഭിക്കാതെ 20,000 ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുക ലഭിക്കാതെ വന്നതോടെ ജോലിക്കാരും, തൊഴില്‍ദാതാക്കളും ഒരു പോലെ ആശങ്കയിലാണ്. 5% ശതമാനം ശമ്പളവര്‍ദ്ധനവിനൊപ്പമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ ലംപ്‌സം തുക വാഗ്ദാനം ചെയ്തത്.
പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എന്‍എച്ച്എസ് ഫ്രണ്ട്‌ലൈനില്‍ പ്രവര്‍ത്തിക്കുകയും, സോഷ്യല്‍ സ്ഥാപനങ്ങള്‍ നിയോഗിക്കുകയും ചെയ്ത ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നവംബറില്‍ ഇവരെ കൂടി ഉള്‍പ്പെടുത്താനും ഫണ്ട് നല്‍കാനും മന്ത്രിമാര്‍ സമ്മതിച്ചു. എന്നാല്‍ ഈ പേയ്‌മെന്റുകളുടെ ഉത്തരവാദിത്വം എന്‍എച്ച്എസ് ഇതര സ്ഥാപനങ്ങള്‍ക്കാണെന്ന് ഗവണ്‍മെന്റ് ഇപ്പോള്‍ പറയുന്നു.
ഈ തുക നല്‍കാനായി എംപ്ലോയേഴ്‌സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം വന്നത്. എന്നാല്‍ ഈ തുക എപ്പോള്‍ ലഭിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ട് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന ജോലികള്‍ ഏറ്റെടുക്കുന്ന ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയില്‍ പലതും.
കമ്മ്യൂണിറ്റി നഴ്‌സുമാരും, ഫിസിയോതെറാപ്പിസ്റ്റുകളും ഉള്‍പ്പെടുന്ന ഈ ജീവനക്കാര്‍ പലപ്പോഴും എന്‍എച്ച്എസ് യൂണിഫോമിലാണ് എത്തുന്നത്. എന്‍എച്ച്എസ് പേ ഡീല്‍ പ്രകാരം നല്‍കുന്ന തുക ലഭ്യമാക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നും ഫണ്ട് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല