സ്വന്തം ലേഖകൻ: യുകെയില്‍ നിന്നും അവധിയ്ക്ക് നാട്ടിലെത്തിയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശി രഞ്ജിത്ത് ജോസഫ് (35) ആണ് മരിച്ചത്. രഞ്ജിത്ത് ഓടിച്ചിരുന്ന ബുള്ളറ്റിന്റെയും മറ്റൊരു പള്‍സര്‍ ബൈക്കിന്റെയും ഹാന്‍ഡിലുകള്‍ തമ്മില്‍ ഉരസുകയും നിയന്ത്രണം നഷ്ടമായ രഞ്ജിത്തിന്റെ ബൈക്ക് സമീപത്തെ പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. പോസ്റ്റില്‍ തലയിടിച്ച രഞ്ജിത്തു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
നാട്ടുകാരും പൊലീസും ചേര്‍ന്നാണു രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പുതന്നെ മരണം സംഭവിച്ചിരുന്നു. ബൈക്കിലുണ്ടായിരുന്ന ആള്‍ക്കും ഗുരുതര പരുക്കേറ്റു. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
യുകെയില്‍ ജോലി ചെയ്തിരുന്ന രഞ്ജിത്ത് ദിവസങ്ങള്‍ക്കു മുമ്പാണ് അവധിയ്ക്ക് നാട്ടിലെത്തിയത്. ഭാര്യ റിയ യുകെയില്‍ നഴ്സായി ജോലി ചെയ്യുകയാണ്. ഏക മകള്‍ : ഇസബെല്ല. സംസ്‌കാരം ഇന്ന് (ശനിയാഴ്ച) വൈകിട്ട് മൂന്നു മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ചര്‍ച്ചില്‍ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല