സ്വന്തം ലേഖകൻ: യുകെയിൽ മലയാളിയായ യുവ വ്യവസായി കുഴഞ്ഞു വീണു മരിച്ചു. വിടപറഞ്ഞത് കൊല്ലം ജില്ലയിലെ കുമ്പളം സ്വദേശി റാഗില് ഗില്‍സ് (27) ആണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണമടഞ്ഞത്. ഹൃദയഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പെട്രീഷ്യ ജോഷ്വ ആണ് ഭാര്യ. ക്രോയ്ഡോണിലെ വ്യവസായിയും കേരളാ ടേസ്റ്റ് ഉടമയുമായ കുമ്പളം കല്ലുവിളപൊയ്കയിൽ ഐ. ഗില്‍സ്, രാജി ഗിൽസ് എന്നിവരാണ് മാതാപിതാക്കൾ. അഗിൽ ഗിൽസ് ഏക സഹോദരനാണ്. ഫെബ്രുവരി 14 ന് ഒന്നാം വിവാഹ വാർഷിക ദിനം ആഘോഷിക്കാൻ ഇരിക്കെയാണ് റാഗിലിന്റെ അപ്രതീക്ഷിത മരണം.
മുപ്പത് വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയതാണ് റാഗിലിന്റെ കുടുംബം. ക്രോയിഡോണിലെ വെസ്റ്റ്കോംബ് അവന്യൂവില്‍ താമസിക്കുന്ന റാഗില് ഗില്‍സ് കേരള ടേസ്റ്റില്‍ റീട്ടെയില്‍ ഫുഡ് വില്പന നടത്തുന്ന എല്‍സി ലിമിറ്റഡിന്റെ ഡയറക്ടര്‍ കൂടിയാണ്.
സംസ്കാരം കേരളത്തിൽ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. യുകെയിലെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം കൊല്ലം കുമ്പളം സെന്റ് മൈക്കിൾസ് ലത്തീൻ കത്തോലിക്കാ പള്ളിയിൽ സംസ്കരിക്കും. സംസ്കാര തീയതി സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല