സ്വന്തം ലേഖകൻ: യുകെയിൽ മലയാളി കുടുംബത്തിലെ വീട്ടമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മുണ്ടക്കയം സ്വദേശിയായ ഗിൽജിത് തോമസിന്റെ ഭാര്യയും ഗോവ സ്വദേശിനിയുമായ അക്ഷധ ശിരോദ്കർ (38) ആണ് മരിച്ചത്. അപസ്മാരത്തിനു ചികിത്സ തേടിയിരുന്ന അക്ഷധയെ തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ മുറിവേറ്റ് രക്തം വാർന്നു പോയിരുന്നു. അപസ്മാരത്തെ തുടർന്ന് നിലത്തു വീണുണ്ടായ മുറിവിൽനിന്നു രക്തം വാർന്നതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അക്ഷധയെ തിങ്കളാഴ്ച പകൽ പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതിരുന്നതിനെ തുടർന്ന് ലെസ്റ്ററിൽ തന്നെ താമസിക്കുന്ന സഹോദരിയും കുടുംബവും അന്വേഷിച്ചു വീട്ടിൽ എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. സംഭവം നടക്കുമ്പോൾ ഭർത്താവ് ഗിൽജിത് വീട്ടിൽ ഉണ്ടായിരുന്നില്ല. നാല് വയസ്സുകാരനായ ഏക മകൻ ആരോൺ മാത്രമാണ് ഒപ്പം ഉണ്ടായിരുന്നത്അക്ഷധയോടൊപ്പം താമസിച്ചിരുന്ന മാതാപിതാക്കൾ ഗോവയിൽ അവധിക്കായി പോയിരുന്നു.
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ സജീവംഗമായ ഗിൽജിത് തോമസിന്റെ ഭാര്യ അക്ഷധ ശിരോദ്കറിന്റെ അകാല വേർപാടിൽ ഏറെ ദുഃഖിതരാണ് കുടുംബാംഗങ്ങളും ലെസ്റ്റർ മലയാളികളും. അമ്മ നഷ്ടപ്പെട്ടുവെന്ന യാഥാർഥ്യം ഇനിയും മനസിലാക്കിയിട്ടില്ലാത്ത നാല് വയസ്സുകാരൻ ആരോണിന്റെ കളിചിരികള്‍ മായാത്ത മുഖമാണ് കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ എത്തുന്നവര്‍ക്കെല്ലാം വേദനയാകുന്നത്.
മൃതദേഹം ഇപ്പോൾ ലെസ്റ്റർ റോയൽ ഇൻഫർമറി എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. തുടർനടപടികൾക്കും ക്രമീകരണങ്ങൾക്കുമായി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ജോസ് തോമസ്, സെക്രട്ടറി അജീഷ് കൃഷ്ണൻ എന്നിവർ കുടുംബാംഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല