സ്വന്തം ലേഖകന്‍: പൂന്തോട്ടത്തില്‍ യുകെ മലയാളിയായ പത്തു വയസുകാരി കണ്ടെത്തിയത് അപൂര്‍വ വണ്ടിനെ; ഓക്‌സ്ഫഡില്‍ താരമായി എറണാകുളം സ്വദേശിനി. സ്‌കൂള്‍ പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന പത്തു വയസുകാരി സാറാ തോമസാണ് ചെടിയില്‍ നിന്നാണ് അപൂര്‍വം കറുത്ത വണ്ടിനെ പിടിച്ചെടുത്തത്. ഫാള്‍സ് ഡാര്‍ക്ലിങ് എന്ന വിളിപ്പേരിലും, അനിസോക്‌സ്യാ ഫുസ്‌കുലാ എന്ന ശാസ്ത്രീയനാമത്തിലും അറിയപ്പെടുന്ന അപൂര്‍വയിനം വണ്ടായിരുന്നു അത്.
വെറും അഞ്ച് മില്ലിമീറ്റര്‍ മാത്രം നീളമുള്ള വണ്ട് വനമേഖലയില്‍ താമസിക്കാനിഷ്ടപ്പെടുന്ന ഷഡ്പദമാണ്. ലണ്ടനില്‍ താമസിക്കുന്ന എറണാകുളം സ്വദേശി തോമസ് ജോണിന്റെയും കോട്ടയം സ്വദേശിനി ബെറ്റി തോമസിന്റെയും മകളായ സാറ അങ്ങനെ വണ്ടിനെ കണ്ടെത്തി താരമാകുകയും ചെയ്തു.
ഓക്‌സ്ഫഡ് സര്‍വകലാശാലാ മ്യൂസിയത്തിന്റെ സ്‌കൂള്‍ പദ്ധതിയില്‍ പങ്കെടുക്കവേയാണു സാറ പൂന്തോട്ടത്തിലെത്തി വണ്ടിനെ കണ്ടെത്തിയത്. മ്യൂസിയത്തിലെ ഷഡ്പദവിദഗ്ധന്‍ ഡാരന്‍ മാനിനു വണ്ടിനെ കൈമാറി. അദ്ദേഹമാണു വണ്ടിന്റെ പ്രത്യേകത തിരിച്ചറിഞ്ഞത്. അതോടെ സാറ കണ്ടെത്തിയത് എന്ന വിശേഷണത്തോടെ വണ്ടിനെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
1950ല്‍ ഇത്തരമൊരു വണ്ടിനെ ഓക്‌സ്ഫഡിന്റെ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അതിനു ശേഷം ഇപ്പോഴാണു വീണ്ടും വണ്ട് മ്യൂസിയത്തിലെത്തിയത്. ലണ്ടനിലെ ബെറിന്‍സ്ഫീല്‍ഡിലുള്ള അബ്ബൈ വുഡ്‌സ് അക്കാദമി വിദ്യാര്‍ത്ഥിയാണു സാറ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല