
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ കേംബ്രിജിലുള്ള ആദം ബ്രൂക്സ് ആശുപത്രിയിലെ നഴ്സ് പ്രതിഭ കേശവൻ അന്തരിച്ചു. കുമരകം സ്വദേശിനിയായ പ്രതിഭയെ താമസിക്കുന്ന വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടു വർഷം മുൻപ് ബ്രിട്ടനിലെത്തിയ പ്രതിഭ കുടുംബത്തെ കൂടെ കൂട്ടാനായി ഇന്ന് നാട്ടിലേക്ക് യാത്രതിരിക്കാനിരിക്കെയാണ് ആകസ്മിക മരണം.
നാട്ടിലേക്ക് പോകാനിരുന്ന പ്രതിഭയെ യാത്രയുടെ ഒരുക്കങ്ങൾ അറിയാനായി ബ്രിട്ടനിൽ തന്നെയുള്ള സഹോദരി ഫോണിൽ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് അടുത്തുള്ള സുഹൃത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് സഹോദരിയുടെയും സുഹൃത്തുക്കളുടെയും നിഗമനം. തുടർ നടപടികൾ പുരോഗമിക്കുന്നു.
രണ്ടുവർഷം മുൻപ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിലുണ്ടായ പ്രസവരക്ഷാ ദൗത്യത്തിൽ പങ്കാളിയായി ഏറെ പ്രശംസ നേടിയിരുന്നു പ്രതിഭ. കുമരകം നോർത്ത് സിപിഎം ലോക്കൽ സെക്രട്ടറി കദളിക്കാട്ടുമാലിയിൽ കെ. കേശവന്റെ (റിട്ട.അധ്യാപകൻ) മകളാണ്. ബ്രിട്ടനിലെ ഇടതുപക്ഷ സംഘടനയായ കൈരളി യുകെയുടെ ദേശീയ കമ്മിറ്റി അംഗവും കേംബ്രിജ് യൂണിറ്റ് പ്രസിഡന്റുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല