1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2023

സ്വന്തം ലേഖകൻ: ജോലിസ്ഥലത്തിനു സമീപത്തെ പാർക്കിങ്‌ സ്ഥലത്ത് കാറിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ യുകെ മലയാളി അന്തരിച്ചു. ഹേവാർഡ്സ് ഹീത്ത് എൻഎച്ച്എസ് ഹോസ്പിറ്റൽ ജീവനക്കാരനായ റെജി ജോൺ (53) ആണ് മരിച്ചത്. പത്തനംതിട്ട കോന്നി കിഴവള്ളൂർ വലിയപറമ്പില്‍ കുടുംബാംഗമാണ്. വീട്ടിൽനിന്നു ജോലിക്ക് ഇറങ്ങിയ റെജിയെ ചൊവ്വാഴ്ച രാവിലെ ഫോണിൽ വിളിച്ചിട്ടു കിട്ടിയിരുന്നില്ല. തുടർന്നു നടന്ന അന്വേഷണത്തിലാണ് ബുധനാഴ്ച വൈകിട്ടോടെ കാറിൽ അവശനിലയിൽ കണ്ടെത്തിയത്.

പാരാമെഡിക്കൽ സംഘമെത്തി സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹേവാർഡ്സ് ഹീത്ത് ഹോസ്പിറ്റലിൽ നൈറ്റ്‌ ഷിഫ്റ്റിന് വീട്ടിൽനിന്നു പുറപ്പെട്ട റെജി ജോലി കഴിഞ്ഞു ചൊവ്വാഴ്ച രാവിലെ വീട്ടില്‍ എത്തേണ്ടതായിരുന്നു. ചില ദിവസം ആശുപത്രിയിലെ ജോലിക്കു ശേഷം ഡോമിനോസിന്റെ പീത്‌സ ഡെലിവറിക്കും പോകാറുണ്ടായിരുന്നു. അവശ നിലയിൽ കണ്ടെത്തുമ്പോൾ ഡോമിനോസിന്റെ യൂണിഫോം ധരിച്ചിരുന്നു. ആശുപത്രിയിലെ ജോലിക്കു ശേഷം ഡെലിവറി ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാകാം ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

റെജിയുടെ ഭാര്യ ബിന്‍സിമോള്‍ കുര്യാക്കോസ് ഇതേ ആശുപത്രിയിലെ ജീവനക്കാരിയാണ്. ഓപ്പോസിറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഇരുവരും അന്നു രാവിലെ പരസ്പരം കണ്ടിരുന്നില്ല. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു വീട്ടില്‍ എത്തിയ ഭാര്യ, റെജി വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കി മലയാളികളായ പരിചയക്കാരുടെ സഹായം തേടുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതേമുക്കാലോടെ ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വാട്‌സാപ് ഗ്രൂപ്പിലാണ് മരണ വിവരം ആദ്യം എത്തിയതും യുകെ മലയാളികൾ അറിഞ്ഞു തുടങ്ങിയതും. പള്ളി വികാരി ഫാ. മോബിന്‍ വർഗീസാണ് ദുഃഖ വാര്‍ത്ത പങ്കുവച്ചത്. ആത്മീയ കാര്യങ്ങളിലും സജീവമായിരുന്നു റെജി. ഗൾഫിൽ ആയിരുന്ന റെജിയും കുടുംബവും ഒന്നര വര്‍ഷം മുൻപാണ് യുകെയിൽ എത്തുന്നത്.

രണ്ടാഴ്ച മുന്‍പ് പ്രാദേശികമായി നടന്ന ഓണാഘോഷത്തില്‍ ഏറെ സജീവമായിരുന്ന റെജിയുടെ അപ്രതീക്ഷിത വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. മകള്‍ അന്യ മേരി റെജി യുകെയിലും മകന്‍ ആബേല്‍ റെജി കേരളത്തിലും പഠിക്കുകയാണ്. നാട്ടിൽ കോന്നി കിഴവള്ളൂർ സെന്റ്. പീറ്റർ ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. റെജിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും തുടർനടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും വിവിധ മലയാളി സംഘടനകൾ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.