സ്വന്തം ലേഖകൻ: യുകെ മലയാളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ റെജി ജി. ചെക്കാലയിൽ(57) കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും മരണമടഞ്ഞു. ഹൃദയസ്തംഭനമാണ് മരണ കാരണം. മൃതദേഹം റോയൽ ഡെവൺ ആൻഡ് എക്‌സീറ്റർ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു 2005 ൽ യുകെയിൽ എത്തിയ റെജി.
ഒക്ടോബർ 23 ന് തിരുവനന്തപുരത്ത് മൂത്ത മകളുടെ വിവാഹം നടക്കാൻ ഇരിക്കെയാണ് അപ്രതീക്ഷിതമായി കുടുംബത്തെ തേടി മരണമെത്തുന്നത്. ഒക്ടോബർ ഒന്നിന് വിവാഹ ഒരുക്കങ്ങൾക്കായി നാട്ടിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു. സാമൂഹിക, സാംസ്‌കാരിക, ആത്മീയ രംഗങ്ങളിൽ സജീവ ഇടപെടൽ നടത്തിയിരുന്ന റെജിയുടെ വേർപാടിൽ ഏറെ ദുഃഖിതരാണ് കുടുംബാംഗങ്ങളും എക്‌സീറ്ററിലെ മലയാളി സമൂഹവും.
ബ്രിസ്റ്റോൾ സെന്റ് തോമസ് മാർത്തോമ ചർച്ച് ഇടവകാംഗമായ റെജി കൊല്ലം പൂയപ്പള്ളി ചെക്കാലയിൽ കുടുംബാംഗമാണ്. ഭാര്യ: ജൂലി ജോൺ (നഴ്സ്, റോയൽ ഡെവൺ ആൻഡ് എക്‌സീറ്റർ എൻഎച്ച്എസ് ഹോസ്പിറ്റൽ, എക്‌സീറ്റർ). മക്കൾ: മെർലിൻ, മിറിയം, മെൽവിൻ. സഹോദരങ്ങൾ: ഓമന അലക്സാണ്ടർ (കോട്ടയം), ലിസി മാത്യു (എക്‌സീറ്റർ, യുകെ), സജിമോൻ ഗീവർഗീസ് (എക്‌സീറ്റർ, യുകെ), പരേതനായ ഡോ. മോഹൻ ജി. ചെക്കാലയിൽ (മാർത്തോമ കോളജ്, തിരുവല്ല). സംസ്കാരം പിന്നീട് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ ചർച്ചിൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല