
സ്വന്തം ലേഖകൻ: ലണ്ടനിലെ ആദ്യകാല മലയാളിയായ ഹിലാരി ഡിക്രൂസിന്റെയും ബോൾട്ടണിലെ ആദ്യകാല മലയാളിയായ ഡോ. വർഗീസ് മാത്യു ചിറയ്ക്കലിന്റെയും വേർപാടിന്റെ വേദനയിലാണ് ബ്രിട്ടനിലെ മലയാളി സമൂഹം. വാർധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു കഴിഞ്ഞ ദിവസം ഇരുവരുടെയും വേർപാട്.
ലണ്ടനിലെ ഈസ്റ്റ്ഹാമിലുള്ള മലയാളികൾക്ക് സുപരിചിനായിരുന്നു ഹിലാരി ഡിക്രൂസ്. മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ മുൻകാല ട്രസ്റ്റിയും കമ്മിറ്റി അംഗവുമായിരുന്നു. മാനോർപാർക്കിലെ കേരളാ ഹൗസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചയാളാണ് 1984 മുതൽ അതിന്റെ സജീവ പ്രവർത്തകനായിരുന്ന ഹിലാരി ഡിക്രൂസ്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കേരളാ ഹൗസിൽ (E12 5AD) ഹിലാരി അനുസ്മരണം സംഘടിപ്പിച്ചാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നത്.
47 വർഷങ്ങൾക്കു മുമ്പ് ബ്രിട്ടനിലെത്തിയ ആളാണ് ബോൾട്ടണിൽ മരിച്ച ഡോ. വർഗീസ് മാത്യു ചിറയ്ക്കൽ (80). തൊടുപുഴ കൊന്നത്തടി സ്വദേശിയാണ്. ഭാര്യ ഡോ. ഗ്രേസി ഐപ്പ് മൂവാറ്റുപുഴ പിട്ടാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ- സുനിൽ വർഗീസ് (ഐടി എൻജിനീയർ), ഡോ. ബോബി വർഗീസ്. മരുമക്കൾ- സിൽവിയ, പ്രിറ്റി.
ബോൾട്ടണിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഡോ വർഗീസ്. ബോൾട്ടണിലെ സിറോ മലബാർ മിഷനിലും ബോൾട്ടൻ മലയാളി അസോസിയേഷന്റെ പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു ഡോ. വർഗീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല