1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2024

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന അഞ്ചാംപനിക്ക് എതിരായി ശക്തമായ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങളും, തിരക്കേറിയ ഇടങ്ങളും ഒഴിവാക്കി രോഗവ്യാപനം തടയാന്‍ സഹായിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കുട്ടികളില്‍ അഞ്ചാംപനി കേസുകള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതോടെ നിയന്ത്രിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. എംഎംആര്‍ വാക്‌സിന്‍ കൂടുതലായി നല്‍കാനും ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്. അഞ്ചാംപനി വന്‍തോതില്‍ വ്യാപനമുള്ള രോഗമാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫ. ബീറ്റ് കാംപ്മാന്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവര്‍ക്ക് രോഗം പകരാതെ വീട്ടിലിരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം.

കനത്ത പനി, മൂക്കടപ്പ്, ജലദോഷം, തുമ്മല്‍, ചുമ, ചുവന്ന് കലങ്ങി വെള്ളം നിറഞ്ഞ കണ്ണുകള്‍ അഞ്ചാംപനിയുടെ ആദ്യ ലക്ഷണങ്ങളില്‍ വരും. പിന്നീടാണ് ശരീരത്തില്‍ ചൊറിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ രൂപപ്പെടുക. മുഖത്തും, കാതിന് പിന്നിലും ആരംഭിക്കുന്ന റാഷസ് പിന്നീട് വ്യാപിക്കുകയാണ് ചെയ്യുക.

ഒരു കുട്ടിക്ക് അഞ്ചാംപനി സ്ഥിരീകരിച്ചാല്‍ റാഷസ് രൂപപ്പെട്ട് നാല് ദിവസത്തേക്കെങ്കിലും ഇവരെ പൊതുസ്ഥലങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തണമെന്നാണ് വൈറോളജിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. ഒരു മുറിയില്‍ 15 മിനിറ്റില്‍ കൂടുതല്‍ ഒരുമിച്ച് ഉണ്ടായാല്‍ പോലും രോഗം പടരുമെന്നതാണ് അവസ്ഥ. എംഎംആര്‍ വാക്‌സിനാണ് അഞ്ചാംപനി പോലുള്ള രോഗങ്ങള്‍ക്ക് എതിരെയുള്ള പ്രധാന ആയുധം.
അതിനിടെ നൂറു ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന നൂറു ദിന ചുമ ബ്രിട്ടനിലാകെ പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വരുന്നു. മെയില്‍ ഓണ്‍ലൈന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു കെ ഹെല്‍ത്ത് സെക്യുരിറ്റി ഏജന്‍സി മേധാവികള്‍ക്ക് ഇതുവരെ ഇംഗ്ലണ്ടില്‍ നിന്നും വെയ്ല്‍സില്‍ നിന്നും ആയി 636 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2024 ആരംഭിച്ചതിന് ശേഷമുള്ള കണക്കാണിത്.

താരതമ്യം ചെയ്യാന്‍ ഉതകുന്ന തരത്തില്‍ രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതു മുതല്‍, ഒരു വര്‍ഷത്തിലെ ആദ്യ മൂന്നാഴ്ച്ചകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ സംഖ്യയാണിത്. കോവിഡ് പൂര്‍വ്വകാലത്തെ കണക്കുകളേക്കാള്‍ രണ്ടര ഇരട്ടി വരും ഇതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വാക്സിനേഷനുകളുടെ എണ്ണം കുറഞ്ഞതോടെയാണ് അണു ബാധ ശക്തിപ്പെട്ടത് എന്നറിയുന്നു. ജനിച്ച് ആദ്യ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടികള്‍ക്ക് കൊടുക്കുന്ന ഈ വാക്സിന്‍ ഇപ്പോള്‍ എക്കാലത്തെയുംകാള്‍ കുറവാണ് നല്‍കുന്നത്.

നൂറുദിന ചുമയുടെ ലക്ഷണങ്ങള്‍ ആരംഭദിശയില്‍ സാധാരണ ജലദോഷത്തിന്റെത് തന്നെ ആയിരിക്കും എന്നതിനാല്‍ രോഗം കണ്ടുപിടിക്കുക ദുഷ്‌കരമാണെവ്ന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂക്കൊലിപ്പും, തൊണ്ടയില്‍ വേദനയുമൊക്കെയായിരിക്കും ഇതിന്റെയും ആരംഭകാല ലക്ഷണങ്ങള്‍. രോഗം ബാധിച്ച് ഏതാണ്ട് ഒരാഴ്ച്ച കഴിയുമ്പോഴായിരിക്കും കടുത്ത ചുമ ആരംഭിക്കുക. മിനിറ്റുകളോളം നീണ്ടു നില്‍ക്കുന്ന ചുമ പലപ്പോഴും ശ്വാസോച്ഛ്വാസത്തിനെ വരെ തടസ്സപ്പെടുത്തിയേക്കും.

പെര്‍ട്ടുസിസ് എന്ന് മെഡിക്കല്‍ ഭാഷയില്‍ വിളിക്കുന്ന നൂറു ദിന ചുമയുടെ വൈകി വരുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് കട്ടിയായ കഫം. മാത്രമല്ല, മുഖം ചുവന്ന് തുടുക്കുകയും ചെയ്യും. ഇതെല്ലാം തന്നെ അഞ്ചാംപനി, വസൂരി തുടങ്ങിയ രോഗങ്ങളുടെയും ലക്ഷണങ്ങളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ജനുവരി 21 വരെ 636 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് പറയുമ്പോള്‍, കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ വെറും 29 കേസുകള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുള്ളു എന്നതുകൂടി ഓര്‍ക്കണം.

2022- ല്‍ ഇക്കാലയളവില്‍ 26 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2021-ല്‍ വെറും 6 കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളായിരുന്നു നൂറു ദിന ചുമ പടരാതെ തടഞ്ഞത് എന്നാണ് അനുമാനിക്കുന്നത്. കോവിഡിന് മുന്‍പായി പ്രതിവര്‍ഷം 2500 മുതല്‍ 4500 ഓളം സംശയിക്കപ്പെടുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നപ്പോള്‍ കോവിഡ് കാലത്ത് അത് 500 ആയി ചുരുങ്ങി എന്നതും ശ്രദ്ധേയമാണ്. കോവിഡിന് ശേഷമുള്ള 2023-ല്‍ ഇത് 1728 ആയി ഉയരുകയും ചെയ്തു.

ഫ്ളൂവിന്റെയും ആര്‍ എസ് വിയുടെയുമൊക്കെ രോഗികാരികളുടെ കാര്യത്തിലും സമാനമായ പ്രവണതയായിരുന്നു കോവിഡിന് ശേഷം ദര്‍ശിച്ചത്. നിലവില്‍ നിരക്കുകള്‍ വളരെ കൂടുതലാണെങ്കിലും, നൂറുദിന ചുമ അതിന്റെ ഔന്നത്യത്തില്‍ എത്തിയതുപോലെ, 1,70,000 വരെആയി ഉയരില്ല എന്നൊരു ശുഭപ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 1950 കളിലെ കണ്ടെത്തിയ വാക്സിനുകളാണ് പിന്നീട് ഈ രോഗത്തിന്റെ വ്യാപനം കാര്യമായി കുറച്ചുകൊണ്ടുവന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.