സ്വന്തം ലേഖകൻ: 2008ന് ശേഷം ആദ്യമായി ബ്രിട്ടനില്‍ ഏറ്റവും വേഗത്തില്‍ ഭവനവില താഴുന്ന വര്‍ഷമായി 2023. മോര്‍ട്ട്ഗേജ് ചെലവുകള്‍ വന്‍തോതില്‍ ഉയര്‍ന്നതോടെയാണ് വാങ്ങലുകാരെ വിപണിയില്‍ നിന്നും അകറ്റിനിര്‍ത്തിയത്. ഈ മാസം ശരാശരി ഭവനവില 257,443 പൗണ്ടിലാണ്, ഒരു വര്‍ഷം മുന്പത്തേക്കാള് 1.8 ശതമാനം കുറവാണിതെന്ന് നേഷന്‍വൈഡ് കണക്കുകള്‍ വ്യക്തമാക്കുന്നു.
2022 സമ്മറില്‍ കുതിച്ച നിരക്കുകള്‍ ഇപ്പോള്‍ 4.5 ശതമാനം താഴേക്ക് പോയിരിക്കുന്നു. 2024-ല്‍ പെട്ടെന്നൊരു കയറ്റം ഉണ്ടാകില്ലെന്ന് തന്നെയാണ് ബില്‍ഡിംഗ് സൊസൈറ്റിയുടെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 2023-ലെ എല്ലാ മാസങ്ങളിലും ഹൗസിംഗ് മാര്‍ക്കറ്റ് വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമായിരുന്നുവെന്ന് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്നര്‍ പറഞ്ഞു.
മോര്‍ട്ടേഗേജ് ഉള്‍പ്പെട്ട ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം കുറവ് വന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കോവിഡിന് മുന്‍പുള്ള നിലവാരം താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന കടമെടുപ്പ് ചെലവുകളുടെ പ്രതിഫലനമാണ് ഇതെന്ന് വ്യക്തമാകും.
നിലവില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വേഗത്തില്‍ കുറയുന്ന സാഹചര്യമാണ്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് അടുത്ത സ്പ്രിംഗ് സീസണോടെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ അനുകൂലമായ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ 5.25 ശതമാനമാണ് ലെന്‍ഡിംഗ് റേറ്റ്. ഈ ഘട്ടത്തിലും അടുത്ത വര്‍ഷം 2 ശതമാനം ഭവനവില കുറയാന്‍ സാധ്യതയുണ്ടെന്ന് ഗാര്‍ഡ്നര്‍ മുന്നറിയിപ്പ് നല്കുന്നു.
കുതിച്ചുയരുന്ന പണപ്പെരുപ്പവും, വര്‍ദ്ധിക്കുന്ന കടമെടുപ്പ് ചെലവുകളും ചേര്‍ന്നതോടെയാണ് വീട് വാങ്ങാന്‍ ആഗ്രഹിച്ച പലരും പദ്ധതി മാറ്റിവെയ്ക്കാന്‍ നിര്‍ബന്ധിതമായത്. ലാഭകരമായ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് ഡീല്‍ ഉള്ളവരാകട്ടെ ഇതിന്റെ കാലാവധി തീര്‍ന്നതിന് ശേഷം മറ്റൊരു പദ്ധതിയിലേക്ക് മാറാന്‍ ശ്രമിച്ചില്ല. ഇതോടെ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന 20 ശതമാനത്തോളമാണ് ഇടിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല