
സ്വന്തം ലേഖകൻ: ലെന്‍ഡര്‍മാര്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ഭവനഉടമകളുടെ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ചെലവുകള്‍ മൂന്നിരട്ടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 30-ലേറെ സ്ഥാപനങ്ങളാണ് ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഇതോടൊപ്പം തിരിച്ചടിയുടെ ആഴം വര്‍ദ്ധിപ്പിച്ച് കൊണ്ട് ചെലവ് കുറഞ്ഞ ഡീലുകള്‍ പിന്‍വലിക്കുകയും ചെയ്തു.
നേഷന്‍വൈഡ്, എച്ച്എസ്ബിസി, ബാര്‍ക്ലേയ്‌സ് തുടങ്ങിയവരാണ് ഒടുവിലായി ഈ നടപടി സ്വീകരിച്ചത്. ഈ പുതിയ നീക്കത്തോടെ ഹോം ലോണുകള്‍ ഓഫര്‍ ചെയ്യുന്ന കാല്‍ഭാഗം കമ്പനികളും അവരുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്.
പലിശ നിരക്കുകള്‍ കുറഞ്ഞിരുന്ന വര്‍ഷങ്ങളില്‍ മോര്‍ട്ട്‌ഗേജ് എടുത്ത ഭവനഉടമകളെയാണ് ഈ വര്‍ദ്ധന സാരമായി ബാധിക്കുക. നിരക്കുകള്‍ 0.99 ശതമാനത്തില്‍ ഉള്ളപ്പോള്‍ ഇതില്‍ വ്യത്യാസം വരില്ലെന്ന പ്രതീക്ഷയില്‍ എടുത്ത ലോണുകള്‍ക്ക് ഇപ്പോള്‍ തിരിച്ചടവുകള്‍ ഇരട്ടി അല്ലെങ്കില്‍ മൂന്നിരട്ടിയായി ഉയരുന്നതാണ് അവസ്ഥയെന്ന് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018-ല്‍ 500,000 പൗണ്ട് മോര്‍ട്ട്‌ഗേജ് എടുത്തവരുടെ പ്രതിമാസ ബില്‍ 1300 പൗണ്ടില്‍ നിന്നും വര്‍ദ്ധിച്ച് ഇപ്പോള്‍ 3000 പൗണ്ടിലേക്ക് എത്തിയതായി അനുഭവസ്ഥര്‍ വ്യക്തമാക്കുന്നു. 2019 മുതല്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യാനുള്ള ചെലവുകള്‍ 38 ശതമാനം വര്‍ദ്ധിച്ചതായി ലിബറല്‍ ഡെമോക്രാറ്റുകള്‍ നടത്തിയ ഗവേഷണം വ്യക്തമാക്കി.
ലണ്ടനിലെ ഭവനഉടമകള്‍ മാര്‍ച്ചില്‍ റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ 2019 ഡിസംബറിലെ ചെലവുകളില്‍ നിന്നും 615 പൗണ്ട് ഉയര്‍ന്ന് 2187 പൗണ്ട് നല്‍കേണ്ടി വരുന്നതായി ഗവേഷണം ചൂണ്ടിക്കാണിച്ചു. ഹൗസിംഗ് വിപണി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് പാര്‍ട്ടി നേതാവ് എഡ് ഡേവി ആരോപിച്ചു.
അഞ്ച് വര്‍ഷത്തെ സ്ഥിരമായ ഡീലുകളുടെ ശരാശരി നിരക്കുകളും ഉയര്‍ന്നു. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പ കണക്കുകള്‍ യുകെ പലിശനിരക്ക് എത്രത്തോളം ഉയരുമെന്ന പ്രവചനങ്ങള്‍ ഉയര്‍ത്തിയതിന് ശേഷമാണ് ഇത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് 5.5% വരെ പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന് പ്രവചിക്കുന്നു. ഇത് വിപണിയില്‍ ശക്തമായ പ്രതികരണത്തിന് കാരണമായി. പ്രതീക്ഷകളിലെ മാറ്റം ബോണ്ട് വിപണികളിലെ വിലകളിലും പലിശ നിരക്കുകളിലും വലിയ ചലനങ്ങള്‍ക്ക് കാരണമായി, ഇത് മോര്‍ട്ട്ഗേജുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നു. വായ്പ നല്‍കുന്നവര്‍ ഭവനവായ്പകളുടെ വില നിശ്ചയിക്കാന്‍ ഉപയോഗിക്കുന്ന സ്വാപ്പ് നിരക്കുകള്‍ വര്‍ധിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല