സ്വന്തം ലേഖകന്‍: ‘ഫേസ്ബുക്ക് അരുത്, അനുവാദമില്ലാതെ പുറത്ത് ഇറങ്ങരുത്, ജീന്‍സ് അരുത്’, യുകെയിലെ മുസ്ലീം പള്ളികള്‍ സ്ത്രീകള്‍ക്കായി പുറപ്പെടുവിച്ച അരുതുകളുടെ പട്ടിക. ബര്‍മ്മിങ്ങ്ഹാമിലുള്ള ഗ്രീന്‍ ലെയ്ന്‍ മസ്ജിദാണ് സ്ത്രീകള്‍ പാന്റ് ധരിക്കരുതെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തൊട്ടുപിന്നാലെ ബ്ലാക്ക് ബേണിലെ ഒരു പള്ളി സ്ത്രീകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫേസ്ബുക്ക് പാപത്തിലേക്കുള്ള വഴിയാണെന്നാണ് പള്ളി അധികൃതരുടെ വാദം. ഭര്‍ത്താക്കന്‍മാരോട് ചോദിക്കാതെ വീടിന് പുറത്ത് ഇറങ്ങരുതെന്നും ഫേസ്ബുക്ക് ഉപയോഗിക്കുന്ന സ്ത്രീകള്‍ അവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശമുള്ളതായി വാര്‍ത്തയില്‍ പറയുന്നു.
ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കണമെങ്കില്‍ അതിന് ഭര്‍ത്താവില്‍ നിന്ന് ഉപദേശം സ്വീകരിക്കണമെന്നും പുരോഹിതന്മാര്‍ നിര്‍ദേശിക്കുന്നുണ്ട്. ലണ്ടനിലെ ക്രൊയ്‌ഡോണ്‍ ഇസ്ലാമിക് സെന്റര്‍ പുറത്തിറക്കിയിട്ടുള്ള ചട്ടങ്ങളില്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വീടിന് പുറത്തുപോലും ഇറങ്ങരുതെന്ന് താക്കീത് നല്‍കുന്നു.
സ്ത്രീകള്‍ പുരുഷന്മാരുടെ ഒപ്പമല്ലാതെ 48 മൈലില്‍ കൂടുതല്‍ സഞ്ചരിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരം നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും സ്ത്രീകളെ അടിച്ചമര്‍ത്തുന്നതാണെന്നും സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണെന്നുമുള്ള വാദവും ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല