സ്വന്തം ലേഖകൻ: പാർലമെന്റ് അംഗമെന്ന നിലയിൽ അല്ലാതെ മറ്റ് സ്രോതസ്സുകളിൽ നിന്നും ജോലികളിൽ നിന്നും യുകെയിലെ എംപിമാർ സമ്പാദിക്കുന്ന പണത്തിന്റെ കണക്കുകൾ പുറത്ത്. എംപി സ്ഥാനം നിലനിൽക്കെ തന്നെ മറ്റു ജോലികളിൽ ഇവർക്ക് ഏർപ്പെടാമെങ്കിലും തങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനവും സംഭാവനകളും നിക്ഷേപങ്ങളും വെളിപ്പെടുത്തണമെന്ന നിയമം യുകെയിൽ നിലനിൽക്കുന്നുണ്ട്.
പുറത്തു വന്ന കണക്കുകളിൽ ഏറെ ശ്രദ്ധേയമായത് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ലിസ് ട്രസ് മണിക്കൂറിൽ ഏകദേശം 15,770 പൗണ്ട് സമ്പാദിക്കുന്നുണ്ടെന്നതാണ്. പ്രധാനമന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം തായ്വാനിൽ നടത്തിയ ഒരു പ്രസംഗത്തിന് ഒരു മണിക്കൂറിൽ 20,000 പൗണ്ട് തുക അവർക്ക് പ്രതിഫലം ലഭിച്ചതായാണ് പുറത്തുവന്നിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞമാസം എംപി പദം ഒഴിഞ്ഞ ബോറിസ് ജോൺസൻ മണിക്കൂറിൽ സമ്പാദിക്കുന്നത് 21,822 പൗണ്ട് തുകയാണ്. എന്നാൽ എംപി പദം ഒഴിഞ്ഞതിനാൽ തന്റെ വരുമാനം ഇനി പരസ്യമായി വെളിപ്പെടുത്താതെ തന്നെ പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം ബോറിസിന് ഉണ്ട്. കൺസർവേറ്റീവ് പാർട്ടി നേതാവും ടോറിഡ്ജ് ആൻഡ് വെസ്റ്റ് ഡെവൺ എംപിയുമായ ജെഫ്രി കോക്സ് ഒരു ബാരിസ്റ്റർ എന്ന നിലയിൽ ജോലിയിൽ 2,565 മണിക്കൂർ ജോലി ചെയ്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പ് മുതൽ ജെഫ്രി 2.4 മില്യൺ പൗണ്ട് സമ്പാദിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
യുകെയുടെ അംഗരാജ്യമായ സ്കോട്ലൻഡിലെ പ്രതിപക്ഷ നേതാവും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡഗ്ലസ് റോസ് പാർലമെന്റിന് പുറത്ത് ഏറ്റവും കൂടുതൽ മണിക്കൂറുകൾ മറ്റ് ജോലികൾക്കായി ചെലവഴിച്ചുവെന്ന് പുറത്തു വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം 3,869 മണിക്കൂർ അദ്ദേഹം ഫുട്ബോൾ റഫറിയായി ചെലവഴിച്ചു. ഇങ്ങനെ നിരവധി എംപി മാർ പാർലമെന്റ് അംഗമെന്ന നിലയിൽ അല്ലതെയും യുകെയിൽ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 180 പേർ ബ്രിട്ടനിലും 59 പേർ സ്കോട്ലൻഡിലും രണ്ടാമതൊരു ജോലി ചെയ്യുന്നവരാണ്.
എംപിമാർ ഇത്തരത്തിൽ മറ്റു ജോലികളിലേക്ക് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ വിമർശനം ഉയരുന്നുണ്ട്. തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം പലപ്പോഴും ഉത്തരവാദിത്വ പൂർവ്വം നിർവഹിക്കാൻ തടസം സൃഷ്ടിക്കുമെന്നാണ് ഉയരുന്ന വിമർശനം. യുകെയിൽ എംപിമാർക്ക് പാർലമെന്റിൽ നിന്ന് ലഭിക്കുന്ന ഏകദേശ വരുമാനം മണിക്കൂറിൽ 233 പൗണ്ട് എന്ന നിരക്കിൽ മാത്രമാണ്. ബ്രിട്ടനിൽ എംപിമാരുടെ വാർഷിക ശമ്പളം 86,584 പൗണ്ടാണ്. മാസം ഏകദേശം ഏഴുലക്ഷം ഇന്ത്യൻ രൂപയോളം വരുന്ന തുക. സ്കോട്ലൻഡിൽ വാർഷിക ശമ്പളം 67,662 പൗണ്ടാണ്. മാസം ഏകദേശം അഞ്ചര ലക്ഷം ഇന്ത്യൻ രൂപയോളം വരുന്ന തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല