1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2023

സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ശമ്പള വർധന ആവശ്യപ്പെട്ടു വിവിധ തൊഴിൽ മേഖലകളിൽ പണിമുടക്ക് തുടരുമ്പോൾ എംപിമാര്‍ക്ക് ഏപ്രില്‍ മുതല്‍ ശമ്പള വർധന ലഭ്യമാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. 2.9% ശമ്പള വർധന ആണ് ഉണ്ടാവുക. അതായത് നിലവിലെ മാസ ശമ്പളമായ 7012 പൗണ്ടിൽ നിന്നും 7215 ആയി വർധിക്കും.

സകല മേഖലയിലും വിലക്കയറ്റം രൂക്ഷമായ ബ്രിട്ടനിൽ എന്‍എച്ച്എസ് നഴ്സുമാര്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് പണിമുടക്കുകൾ നടത്തുന്നുണ്ട്. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ പോലും ഗവണ്‍മെന്റ് ഇപ്പോഴും തയ്യാറായിട്ടില്ല. ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങളുടെ ടാക്സ് രഹിത ഡെയ്ലി അറ്റന്‍ഡന്‍സ് അലവന്‍സും വർധിക്കും. 342 പൗണ്ടിന്റെ വർധന ആണ് ഉണ്ടാവുക.

അതേസമയം യൂണിയനുകള്‍ ആവശ്യപ്പെടുന്ന രീതിയില്‍ പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പള വർധന നല്‍കിയാല്‍ പലിശ നിരക്കുകളും വര്‍ധിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ കടമെടുത്ത് നല്‍കുന്ന ഏത് ശമ്പളവർധനവും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി വ്യക്തമാക്കി.

വേതന സമ്മര്‍ദങ്ങള്‍ ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്ക് വഴിയൊരുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി ശ്രദ്ധിക്കണമെന്ന് ചീഫ് ഇക്കണോമിസ്റ്റ് ഹൗ പില്ലും പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 15 വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 4 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.