സ്വന്തം ലേഖകൻ: കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിരവധി നടപടികളുടെ ഭാഗമായി അടുത്ത വര്‍ഷം യുകെയിലേക്കുള്ള വീസ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 മുതല്‍ വീസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും ഉള്ള നിരക്കുകളില്‍ 20 ശതമാനം വരെ വര്‍ദ്ധനവ് വരുത്താനാണ് സാധ്യത എന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോബ് ഓഫറുകള്‍ ലഭിച്ചവരോ, അല്ലെങ്കില്‍ യുകെയിലെ തൊഴിലുടമകളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നവരോ തീരുമാനം എത്രയും പെട്ടെന്ന് എടുക്കുക എന്നാണു ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
കുടിയേറ്റ നിയന്ത്രണം രാഷ്ട്രീയ ആവശ്യമായി മാറിയതോടെ വര്‍ദ്ധന തീര്‍ച്ചയായും ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് വരാനിരിക്കെ, കുടിയേറ്റത്തിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ടു എന്ന് ജനങ്ങളെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്തം ഭരണ കക്ഷിക്കുണ്ട്. അതോടൊപ്പം എന്‍ എച്ച് എസിന് കൂടുതല്‍ ധന സഹായം നല്‍കും എന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനം പാലിക്കുകയും വേണം. വീസ- വര്‍ക്ക് പെര്‍മിറ്റ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കുന്നത് ഇതിന് രണ്ടിനും കൂടിയാണ്.
സാധാരണയായി ഇമിഗ്രേഷന്‍ ഫീസില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍, അത് നിലവില്‍ വരുന്നതിന് 21 ദിവസം മുന്‍പെങ്കിലും പാര്‍ലമെന്റില്‍ എത്തണം. എന്നാല്‍, വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി ഇത് പ്രാബല്യത്തില്‍ വരുത്തണം എന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ടു തന്നെ ഈ മാറ്റം എത്രയും പെട്ടെന്ന് തന്നെ പ്രാബല്യത്തില്‍ വരുത്താനായിരിക്കും ശ്രമിക്കുക.
വര്‍ക്ക് വീസയ്ക്കും വിസിറ്റ് വീസയ്ക്കും അപേക്ഷാ ഫീസില്‍ 15 ശതമാനവും മറ്റ് വീസകളില്‍ ചുരുങ്ങിയത് 20 ശതമാനവും വര്‍ദ്ധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. അതിനൊപ്പം അപേക്ഷകര്‍ നല്‍കേണ്ട ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് 624 പൗണ്ട് എന്നതില്‍ നിന്നും 1,035 പൗണ്ട് ആയി വര്‍ദ്ധിക്കും. ഇത് മുതിര്‍ന്നവര്‍ക്ക് ഒരു വര്‍ഷം നല്‍കേണ്ട തുകയാണ്. കുട്ടികള്‍ക്ക് പ്രതിവര്‍ഷം 470 പൗണ്ട് എന്നത് 776 പൗണ്ടായി ഉയരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല