1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2023

സ്വന്തം ലേഖകൻ: യുകെയിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ വര്‍ഷം പത്തുലക്ഷത്തിലേക്ക് അടുത്തതായി കണക്കുകള്‍ പുറത്തു വന്നു. മുൻപ് രേഖപ്പെടുത്തിയതിന്റെ ഇരട്ടി തോതിലാണ് കുടിയേറ്റക്കാരുടെ വരവ്. 2022 ല്‍ 6,50,000 മുതൽ 9,97,000 വരെ കുടിയേറ്റക്കാര്‍ യുകെയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഇത് മുന്‍പത്തെ കണക്കായ 5,04,000 എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിനെ മറി കടക്കുന്നതാണ്. 2021 ജൂണ്‍ മുതല്‍ 2022 വരെയുള്ള കണക്കാണ് പുറത്തു വന്നിട്ടുള്ളത്. ഇതു സർവകാല റെക്കോര്‍ഡാണ്. യുക്രെയ്ന്‍ അഭയാർഥികളുടെ ഒഴുക്കിന് പുറമെ കൂടുതല്‍ വിദ്യാർഥികളും എന്‍എച്ച്എസ് ജീവനക്കാരും എത്തിച്ചേരുന്നതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.

എന്നാല്‍ നെറ്റ് മൈഗ്രേഷന്‍ കുതിച്ചുയരുന്നത് പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത സമ്മര്‍ദം സൃഷ്ടിക്കും. മൈഗ്രേഷന്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ പോലും വിമര്‍ശിക്കുന്നുണ്ട്. ‘കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. ഒപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇത് വലിയ പ്രശ്നമായി മാറും’, മുന്‍ കണ്‍സര്‍വേറ്റീവ് നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്ത് പറഞ്ഞു.

‘നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാമെന്ന് തുടര്‍ച്ചയായി വാഗ്ദാനം ചെയ്തിട്ടും ഇത് നടപ്പാക്കാനായിട്ടില്ല. ലീഡ്സ് നഗരത്തിന്റെ വലുപ്പത്തിലാണ് ഓരോ വര്‍ഷവും ആളുകള്‍ ഇവിടെ എത്തുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണെങ്കിലും ഇത് ശമ്പളവും, ഉത്പാദനക്ഷമതയും കുറയ്ക്കുകയും, ഹൗസിങ് പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യും’ അദ്ദേഹം കുറ്റപ്പെടുത്തി. 2022 നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പൂർണ്ണമായി മേയ് 25 നാണ് പുറത്തുവിടുക. ഇതില്‍ കുടിയേറ്റം പ്രതിവര്‍ഷം പത്ത് ലക്ഷത്തിലേക്ക് ഉയര്‍ന്നതായി സ്ഥിരീകരിച്ചാല്‍ ഋഷി സുനക് സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.