സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ എനര്‍ജി നിരക്കുകള്‍ സൂചിപ്പിക്കുന്നത് വരുന്ന ഒക്ടോബര്‍ 1 മുതല്‍ എനര്‍ജി ബില്ലുകളില്‍ 7 ശതമാനത്തിന്റെ കുറവുണ്ടാകും എന്നാണ്. എന്നാല്‍, എങ്കിലും പലര്‍ക്കും എനര്‍ജി പ്രൈസ് വളരെ കൂടിയ നിലയില്‍ തന്നെ തുടര്‍ന്നേക്കാം. ചിലപ്പോള്‍ ഊര്‍ജ്ജ പ്രതിസന്ധിക്ക് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വില നല്‍കേണ്ടതായി വന്നേക്കാം.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇല്ലാതായതോടെ പല കുടുംബങ്ങളിലും, കഴിഞ്ഞവര്‍ഷം ലഭിച്ചതിനേക്കാള്‍ കൂടിയ നിരക്കിലുള്ള ബില്‍ ആയിരിക്കും ലഭിക്കുക. മറ്റു പലരെയും പോലെ നിങ്ങള്‍ ഔട്ട്-ഓഫ് – കോണ്‍ട്രാക്റ്റ്, സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ വേരിയബിള്‍ ടാരിഫില്‍ ഉള്ളയാളാണെങ്കില്‍ ആയിരിക്കും ഒക്ടോബര്‍ 1 മുതലുള്ള മാറ്റം നിങ്ങള്‍ക്ക് ബാധകമാവുക. നിങ്ങള്‍ ഫിക്സ്ഡ് ഡീലില്‍ ആണെങ്കില്‍ ഇത് ബാധകമാകില്ല.
ഈ വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ ഒരു വര്‍ഷത്തേക്ക് ഒരു ശരാശരി കുടുംബം ഊര്‍ജ്ജത്തിനായി ചെലവിടുന്നത് ഉദ്ദേശം 1,923 പൗണ്ട് ആയിരിക്കുമെന്ന് എനര്‍ജി റെഗുലേറ്റര്‍ ഓഫ്ജെം പറയുന്നു. അതായത്, പ്രതിമാസം 160 പൗണ്ട് വീതം. ഇത് ഇടത്തരം അളവില്‍ മാത്രം ഗ്യാസും വൈദ്യൂതിയും ഉപയോഗിക്കുന്ന ഒരു സാധാരണ കുടുംബത്തെ സംബന്ധിക്കുന്ന കണക്കാണ്.
തങ്ങള്‍ക്ക് എന്ത് ബില്ലു വരും എന്നറിയാന്‍ ഇനി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ കണക്കുകൂട്ടുക. വരുന്ന ഒക്ടോബര്‍ 1 മുതല്‍ ഒരു കിലോ വാട്ട് ഹവര്‍ ഗ്യാസിന്റെ വില 6.89 പെന്‍സും വൈദ്യൂതിയുടെത് 27.35 പെന്‍സും ആയിരിക്കും. നിലവിലുള്ളതിനേക്കാള്‍ നേരിയ കുറവ് ഈ നിരക്കുകളിലുണ്ട്. അതേസമയം, ഡെയ്ലി സ്റ്റാന്‍ഡിംഗ് നിരക്കുകള്‍ ഉയര്‍ന്ന് തന്നെയിരിക്കും. നിങ്ങളുടെ ഗ്യാസ് സപ്ലൈക്ക് ശരാശരി പ്രതിദിനം 29.6 പെന്‍സും വൈദ്യൂതിക്ക് പ്രതിദിനം 53.4 പെന്‍സും ആയിരിക്കും.
ഈ രണ്ട് ഇന്ധനങ്ങളും ശരാശരി അളവില്‍ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് ഇത്പ്രതിമാസം 25 പൗണ്ടിന്റെ അധിക ബാധ്യത വരുത്തിവയ്ക്കും. അതിനു പുറമെ നിങ്ങളുടെ പുതിയ ഇന്ധന നിരക്കും ഒപ്പം സ്റ്റാന്‍ഡിംഗ് ചാര്‍ജും, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തിനനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല