സ്വന്തം ലേഖകൻ: യുകെയില്‍ അടുത്ത മാസം മുതല്‍ തൊഴിലിടങ്ങളില്‍ ഒട്ടേറെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുകയാണ്. ഈ മാറ്റങ്ങളില്‍ പലതും ജീവനക്കാര്‍ക്ക് അനുകൂലമായുള്ളവയാണ്. അതായത് തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദമാവുന്നവ.
ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവരാണെങ്കില്‍ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് ലഭിക്കും എന്നത് ഒരു അനുഗ്രഹമാണ്. നേരത്തെ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് എന്നത് ഒരു ആനുകൂല്യം ആയിരുന്നെങ്കില്‍ ഏപ്രില്‍ മുതല്‍ ഇത് ഒരു അവകാശമായി മാറുകയാണ് എന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ ജോലിസ്ഥലത്ത് 26 ആഴ്ചയെങ്കിലും തികച്ചവര്‍ക്കായിരുന്നു ഫ്ലെക്സിബിള്‍ ഷിഫ്റ്റിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്.
എന്നാല്‍ പുതിയ നിയമപ്രകാരം ഒരു ജീവനക്കാരന് ജോലി ആരംഭിക്കുമ്പോള്‍ തന്നെ ഫ്ലെക്സിബിള്‍ ഷിഫ്റ്റ് ലഭിക്കുന്നതിനുള്ള അവകാശം ഉണ്ട്. അതുപോലെതന്നെ ഫ്ലെക്സിബിള്‍ ഷിഫ്റ്റിനുള്ള അപേക്ഷ ലഭിച്ച് രണ്ടു മാസത്തിനുള്ളില്‍ തൊഴിലുടമ തീരുമാനം അറിയിച്ചിരിക്കണം എന്ന നിയമവും ഏപ്രില്‍ മുതല്‍ നടപ്പിലാക്കും. നിലവില്‍ ഇത് മൂന്നുമാസമാണ്.
യുകെ മലയാളികള്‍ക്കു ഇത് വല്യ അനുഗ്രഹമാകും. ഭൂരിഭാഗം മലയാളികളും എന്‍എച്ച്എസിലാണ് ജോലി ചെയ്യുന്നത്. സ്വകാര്യ കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ഭാര്യയും ഭര്‍ത്താവും കൂടി ജോലിക്ക് പോകുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ വളരെയേറെയാണ്. അതിനൊക്കെ ഇനി പരിഹാരമാവും.
അതുപോലെ തന്നെ ഗര്‍ഭിണിയായതിന്റെ പേരില്‍ ജോലി നഷ്ടമാകുന്നത് ഇനി യുകെയില്‍ പഴങ്കഥയാവുകയാണ്. പുതിയ നിയമം ഗര്‍ഭിണികളോട് അനുഭാവപൂര്‍ണ്ണമായ സമീപനമാണ് പുലര്‍ത്തുന്നത്. 24 ആഴ്ച പ്രായമായ ഗര്‍ഭിണിക്ക് പൂര്‍ണ്ണമായും മറ്റേര്‍ണിറ്റി ലീവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് പുതിയ നിയമം പറയുന്നു. അബോര്‍ഷന്‍ നടത്തിയത് മൂലം ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ഒട്ടേറെ പരിഗണനയാണ് പുതിയ നിയമത്തിലുള്ളത്.
ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍, മാതാപിതാക്കള്‍ തുടങ്ങിയ ഉറ്റ ബന്ധത്തിലുള്ളവര്‍ക്ക് അസുഖം ബാധിച്ചാല്‍ എടുക്കുന്ന കെയര്‍ ലീവിലും ഉദാരമായ സമീപനമാണ് പുതിയ നിയമത്തിലുള്ളത്. ശമ്പളം വാങ്ങാതെ വര്‍ഷത്തില്‍ ഒരാഴ്ച വരെ ഇങ്ങനെ ലീവ് എടുക്കാന്‍ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല