സ്വന്തം ലേഖകൻ: യുകെയിലുടനീളം 75 മൈല്‍ വേഗത്തില്‍ വീശിയടിച്ച കൊടുങ്കാറ്റും അതിശക്തമായ മഴയും ഉണ്ടാക്കിയ പ്രതികൂല കാലാവസ്ഥയിലും 2024 നെ ആവേശപൂര്‍വ്വം വരവേറ്റ് ബ്രിട്ടിഷ് ജനത. കാലാവസ്ഥാ മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും അവഗണിച്ച് തെരുവിലിറങ്ങിയ ജനങ്ങള്‍ 2024 നെ ആവേശപൂര്‍വ്വമാണ് യുകെയിലെ പ്രധാന നഗരങ്ങളിൽ സ്വാഗതം ചെയ്തത്. പുതുവര്‍ഷ രാവിന്റെ ശോഭയ്ക്ക് മങ്ങലേല്‍ക്കാതെ ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരമായ ലണ്ടനിലും സ്കോട്ലൻഡിലിന്റെ തലസ്ഥാന നഗരമായ എഡിന്‍ബര്‍ഗിലും വെടിക്കെട്ട് നടത്തി.
യുകെയുടെ സൗത്ത് മേഖലയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ റദ്ദാക്കി. പ്ലിമത്തിലെ വിന്റര്‍ വണ്ടര്‍ലാന്‍ഡ് ഇവന്റും ഡെവണ്‍ ടൗണിലെ വെടിക്കെട്ടും കാലാവസ്ഥ മോശമായതോടെ ഉപേക്ഷിച്ചു. മറ്റ് പ്രധാന നഗരങ്ങളായ ലിവര്‍പൂളിലും ലീഡ്‌സിലും ന്യൂകാസിലിലും 2024 നെ ആഘോഷപൂര്‍വ്വം തന്നെയാണ് വരവേറ്റത്. ഇത്തവണത്തെ വെടിക്കെട്ടിന് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനാവലിയാണ് ലണ്ടനില്‍ ഒത്തുചേര്‍ന്നത്. എന്നാല്‍ 12 മിനിറ്റ് മാത്രമായിരുന്നു ആകാശവിസ്മയം നീണ്ടത്.
ലണ്ടനില്‍ ലണ്ടന്‍ ഐയും ബിഗ് ബെന്നുമായിരുന്നു മുഖ്യ ആകര്‍ഷണങ്ങള്‍. ഒരു ലക്ഷത്തോളം ആളുകൾ ബിഗ്‌ബെൻ പരിസരത്ത് എത്തിച്ചേർന്നുവെന്നാണ് കണക്കുക്കൂട്ടൽ. വെടിക്കെട്ടിന് പുറമെ ലേസര്‍, ഡ്രോണ്‍ ഷോകളും നടന്നു. ബിഗ്ബെനിന്റെ മണിനാദവും വെടിക്കെട്ടിന്റെ ആകാശവിസ്മയ കാഴ്ചകളും ബിബിസിയിലൂടെ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു. നൂറാം വർഷമാണ് ബിബിസിയിലൂടെ ബിഗ്ബെൻ മണിനാദം ബ്രിട്ടിഷ് ജനത കേൾക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ചരയോടെയാണ് യുകെയിലെ പുതുവര്‍ഷാഘോഷം തുടങ്ങിയത്.
സ്കോട്ട്ലൻഡിലെ എഡിന്‍ബര്‍ഗില്‍ പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ട് അരങ്ങേറി. എഡിന്‍ബര്‍ഗ് കാസിലിന് മുകളിലാണ് വെടിക്കെട്ട് നടത്തിയത്. കാലാവസ്ഥ മോശമായിരുന്നെങ്കിലും ആഘോഷത്തിന്റെ ആവേശം കെടാതെ കാത്തുസൂക്ഷിക്കാന്‍ സംഘാടകർക്ക് കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാന നഗരികളില്‍ വമ്പിച്ച കരിമരുന്ന് പ്രയോഗങ്ങളാണ് ഉണ്ടായിരുന്നത്. യുകെയിലുടനീളം പബ്ബുകളും ക്ലബ്ബുകളും പുലരുവോളം പ്രവർത്തിച്ചു. ഇവിടങ്ങളിലും പുതുവർഷ ആഘോഷങ്ങൾ കെങ്കേമമായി നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല