സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗങ്ങളുമുള്ളവര്‍ക്ക് രോഗനിര്‍ണയവും ചികിത്സയും വേഗത്തിലാക്കുന്നതിന് പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം വരുന്നു. ഈ അവസ്ഥയിലുള്ള പതിനായിരക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമാകുന്ന നടപടിയാണിത്. എന്‍എച്ച്എസ് ഇത്തരം രോഗികള്‍ക്കായി നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ ഫാസ്റ്റ് ട്രാക്ക്ഡ് ടെസ്റ്റുകളിലൂടെയാണിത് സാധ്യമാക്കാനൊരുങ്ങുന്നത്.
ഇത് സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം എന്‍എച്ച്എസ് ഇന്ന് നടത്താനൊരുങ്ങുകയാണ്. ഇതിലൂടെ ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവയടക്കമുള്ള ഗുരുതരമായ രോഗങ്ങള്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതായിരിക്കും. ഇത് പ്രകാരം സിഒപിഡി, ആസ്ത്മ, കാര്‍ഡിയോവാസ്‌കുലാര്‍ ഡിസീസ്, ഹൃദയസ്തംഭനം തുടങ്ങിയ വിവിധ ഗുരുതരരോഗങ്ങള്‍ തിരിച്ചറിയുന്നതിനായി ഡയഗ്നോസ്റ്റിക് ചെക്ക്‌സുകള്‍ക്കായി ജിപി പ്രാക്ടീസുകള്‍ക്ക് സാധിക്കുന്നതായിരിക്കും. ഇത്തരം രോഗനിര്‍ണയമാര്‍ഗങ്ങള്‍ വേഗത്തിലാക്കുന്നതിലൂടെ ഒരു മില്യണോളം പേര്‍ക്കായിരിക്കും ഗുണമുണ്ടാകാന്‍ പോകുന്നത്.
കൂടാതെ ഇത്തരക്കാര്‍ക്ക് സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷന്റെ ആവശ്യകത കുറയ്ക്കാനും ലൈഫ് സേവിംഗ് ട്രീറ്റ്‌മെന്റും മെഡിക്കേഷനും വേഗത്തിലാക്കാനും പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്കേറിയ വിന്റര്‍ സീസണില്‍ ആശുപത്രികള്‍ക്ക് മേലുണ്ടാകുന്ന പതിവിലുമധികമുള്ള സമ്മര്‍ദം കുറയ്ക്കാനും പുതിയ ചുവട് വയ്പിലൂടെ സാധിക്കും. അതായത് വിന്ററില്‍ ശ്വാസകോശസംബന്ധിയായ രോഗങ്ങള്‍ പെരുകുന്നവര്‍ക്ക് ആശുപത്രികളില്‍ പോകാതെ പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ ജിപികള്‍ മുഖാന്തിരം ചികിത്സ ലഭിക്കുന്നതിനാലാണിത്.
കാന്‍സര്‍ രോഗികള്‍ക്ക് ഇത്തരം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ നേരത്തെ തന്നെ മികച്ച ചികിത്സ വേഗത്തില്‍ ലഭിച്ച് വരുന്നുണ്ട്. തല്‍ഫലമായി അര്‍ജന്റ് കാന്‍സര്‍ റഫറലിന് എന്‍ഐസിഇ ഗൈഡന്‍സ് ത്രെഷോള്‍ഡ് മാനദണ്ഡങ്ങളില്‍ പെടാന്‍ സാധിക്കാതെ പോയ ഏതാണ്ട് 80,000ത്തോളം കാന്‍സര്‍ രോഗികള്‍ക്ക് വേഗത്തില്‍ പരിശോധനകള്‍ ലഭിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.പുതിയ നീക്കത്തിലൂടെ ഹൃദ്രോഗങ്ങളുടെയും ശ്വാസകോശരോഗങ്ങളുടെയും ലക്ഷണങ്ങളുള്ളവരെ വിവിധ പരിശോധനകള്‍ക്കായി തങ്ങളുടെ ലോക്കല്‍ ഹോസ്പിറ്റലില്‍ അല്ലെങ്കില്‍ ലോക്കല്‍ കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററിലേക്ക് റഫര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
രോഗികള്‍ക്ക് സ്‌കാനുകള്‍ക്കും ടെസ്റ്റുകള്‍ക്കും ഒരു വണ്‍സ്‌റ്റോപ്പ് ഷോപ്പ് പ്രദാനം ചെയ്യാന്‍ സാധിക്കും. ഇത്തരം ഡയഗ്നോസ്റ്റിക് ചെക്കുകള്‍ക്ക് പുറമെ വണ്‍ സ്റ്റോപ്പ് ഷോപ്പുകള്‍ക്ക് ആസ്ത്മക്കുള്ള എഫ്ഇഎന്‍ഒ ( FeNO) ടെസ്റ്റിംഗ്, അതിഗുരുതരമായ ഹൃദ്രോഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ബ്ലഡ് ടെസ്റ്റുകള്‍, ശ്വാസകോശത്തിന്റെ അവസ്ഥ തിരിച്ചറിയുന്നതിനുള്ള സ്പിറോമെട്രി ടെസ്റ്റിംഗ് തുടങ്ങിയവ പ്രദാനം ചെയ്യാനും സാധിക്കും.പുതിയ സംവിധാനത്തിലൂടെ കണ്‍സള്‍ട്ടന്റ് ടൈം ലാഭിക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനത്തിലൂടെ കോവിഡ് കാരണം ചികിത്സ മുടങ്ങി വെയ്റ്റിംഗ് ലിസ്റ്റിലുള്ള നിരവധി രോഗികള്‍ക്ക് ചികിത്സയേകാനും സാധിക്കുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല