1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2023

സ്വന്തം ലേഖകൻ: ആശുപത്രികളിലെ കാർ പാർക്കിങ് ഫീസ് ഇനത്തിൽ യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകൾ രോഗികളിൽ നിന്നും സന്ദര്‍ശകരിൽ നിന്നും നേടിയത് 146 മില്യൻ പൗണ്ടെന്ന് കണക്കുകൾ. 2022–23 സാമ്പത്തിക വർഷത്തിലാണ് രോഗികളും സന്ദര്‍ശകരും മാത്രം 146 മില്യൻ പൗണ്ട് നൽകിയത്. കോവിഡ് മഹാമാരി കാലത്ത് താഴ്ന്ന ഫീസ് എട്ട് ഇരട്ടിയോളം കൂട്ടിയ ശേഷമാണ് ഇത്രത്തോളം തുക പാര്‍ക്കിങ് ഫീസ് ഇനത്തിൽ ട്രസ്റ്റുകൾക്ക് ലഭ്യമായത്.

പാർക്കിങ് ഫീസ് സൗജന്യം ആക്കണം എന്ന ആവശ്യം നേരത്തെ തന്നെ ഉയരുന്നുണ്ട്. ഫീസ് റദ്ദാക്കുമെന്ന് ഇപ്പോൾ ബ്രിട്ടൻ ഭരിക്കുന്ന കൺസർവേറ്റീവ് പാർട്ടിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഇത് പാലിക്കാന്‍ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 96.7 മില്യൻ പൗണ്ട് അധികമാണ് ഇത്തവണത്തെ വരുമാനം.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കവന്ററിയും വാര്‍വിക്ക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റുമാണ് രോഗികളുടെയും സന്ദര്‍ശകരുടെയും പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയത്. ഡെര്‍ബി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ്, ബര്‍ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് തുടങ്ങിയവയാണ് തൊട്ടു പിന്നാലെ ഉള്ളത്. ആശുപത്രി ജീവനക്കാര്‍ക്കും കാര്‍ പാര്‍ക്കിങ് ഫീസില്‍ നിന്നും ഇളവില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

2021–22 ൽ 5.6 മില്യൻ പൗണ്ടായിരുന്ന പാര്‍ക്കിങ് ഫീസ് 2022–23 ആയതോടെ 46.7 മില്യൻ പൗണ്ടിലേക്കാണ് വര്‍ധിച്ചത്. കോവിഡ് മഹാമാരിക്കിടെ ജീവനക്കാരുടെ പാര്‍ക്കിങ് ഫീസ് റദ്ദാക്കി നല്‍കിയ ശേഷം 2023 മാര്‍ച്ചില്‍ പുനരാരംഭിച്ചിരുന്നു. നിലവിലെ എന്‍എച്ച്എസ് നിയമങ്ങൾ പ്രകാരം അംഗവൈകല്യമുള്ളവര്‍, രാത്രിയില്‍ തങ്ങാനായി എത്തുന്ന രോഗം ബാധിച്ച കുട്ടികളുടെ മാതാപിതാക്കള്‍, രാത്രി ഷിഫ്റ്റില്‍ പ്രവേശിക്കുമ്പോള്‍ എത്തുന്ന ജീവനക്കാർ എന്നിവർക്കാണ് പാര്‍ക്കിങ് സൗജന്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.