1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2023

സ്വന്തം ലേഖകൻ: ഡോക്ടർമാരുടെ കുറവ് കാര്യമായി ബാധിച്ചപ്പോൾ, അതിന് പരിഹാരമെന്നോണം എൻഎച്ച്എസ് അവതരിപ്പിച്ചതാണ് ഫിസിഷ്യൻ അസ്സോസിയേറ്റ്‌സ് (പി.എ) എന്ന കാറ്റഗറി. എന്നാൽ ഫിസിഷ്യൻ അസ്സോസിയേറ്റ്‌സുകളെ ഡോക്ടർമാർക്ക് പകരം സീനിയർ പൊസിഷനുകളിൽ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ബിർമിംഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിൽ തർക്കം ഉടലെടുത്തിരുന്നു.

മെഡിക്കൽ ബിരുദവും മതിയായ യോഗ്യതകളുമില്ലാത്ത ഫിസിഷ്യൻ അസ്സോസിയേറ്റ്‌സുകളെ ഡോക്ടർമാരുടെ ചുമതലകളിൽ നിയമിക്കുന്നതിനെതിരെ ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷനും രംഗത്തെത്തി. അതേസമയം ബിർമിംഹാം ഹോസ്പിറ്റലിലെ ഫിസിഷ്യൻ അസ്സോസിയേറ്റ്‌സുകളുടെ ഉയർന്ന ചുമതലാനിയമനത്തെ ആശുപത്രി ട്രസ്റ്റ് മാനേജ്മെന്റും എൻഎച്ച്എസും പിന്തുണയ്ക്കുകയും ചെയ്യുന്നു.

നിലവിൽ എൻഎച്ച്എസിൽ ജോലിചെയ്യുന്ന സയൻസ് ബിരുദമുള്ള മലയാളികൾ അടക്കമുള്ള നഴ്‌സുമാർക്ക് അതിവേഗം കൈവരിക്കാൻ കഴിയുന്ന ബിരുദവും തസ്തികയുമാണ് ഫിസിഷ്യൻ അസ്സോസിയേറ്റ്‌സ്. നഴ്‌സുമാരുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന വേതനവും പദവികളും ഫിസിഷ്യൻ അസ്സോസിയേറ്റ്‌സുകൾക്ക് ലഭിക്കും.

എൻഎച്ച്എസ് നിർദ്ദേശപ്രകാരം റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് 2003-ൽ അവതരിപ്പിച്ച ഫിസിഷ്യൻ അസ്സോസിയേറ്റ്‌സ് അഥവാ പിഎ റോളിൽ ഡോക്ടർമാരെ ഡ്യൂട്ടിയിൽ സഹായിക്കുകയാണ് പ്രധാനമായി ഉൾപ്പെടുത്തിയത്. എണ്ണത്തിൽ കുറവുള്ളതുമൂലം ഡോക്ടർമാരുടെ ഡ്യൂട്ടിഭാരം കുറയ്ക്കുകയാണ് പി.എ തസ്തികകൾകൊണ്ട് ലക്ഷ്യമിട്ടിരുന്നത്.

ഫിസിഷ്യൻ അസോസിയേറ്റ്സ് ആയിമാറുവാൻ സയൻസ് ബിരുദവും രണ്ട് വർഷത്തെ ബിരുദാനന്തര യോഗ്യതയും വേണം. എന്നാൽ ഈ ബിരുദം നേടിയാലും ഫിസിഷ്യൻ അസോസിയേറ്റ്സുകളെ ഡോക്ടർമാരായി പരിഗണിക്കില്ല. മരുന്നുകൾ നിർദ്ദേശിക്കാൻ അവർക്ക് അനുവാദമില്ല.

അതേസമയം സാധാരണ നഴ്‌സുമാർക്ക് നിർവ്വഹിക്കാൻ കഴിക്കുന്നതിലും സങ്കീർണ്ണമായ ഡ്യൂട്ടികൾ നിർവ്വഹിക്കാൻ അവർക്ക് അനുവാദമുണ്ട്. സാധാരണയായി ഇത്തരം ഡ്യൂട്ടികൾ ഡോക്ടർമാരാണ് നിർവഹിച്ചുവന്നിരുന്നത്.

ജൂലൈയിലെ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ഡിപ്പാർട്ട്‌മെന്റ് പദ്ധതിപ്രകാരം 2037 ഓടെ പിഎകളുടെ എണ്ണം 10,000 ആയി ഉയർത്താൻ എൻഎച്ച്എസ് പദ്ധതിയിടുന്നു. ബിരുദമുള്ള സിനിയർമാരായ മലയാളി നഴ്‌സുമാർക്ക് ഈ അവസരം പ്രയോജനപ്പെടുത്തി അല്പം പരിശ്രമിച്ചാൽ കരസ്ഥമാക്കാൻ കഴിയുന്നതാണ് പി.എ ബിരുദം.

ബിർമിംഹാം ചിൽഡ്രൻസ് ആശുപത്രിയിൽ ലിവർ യൂണിറ്റിലെ ക്ലിനിക്കിൽ ഫിസിഷ്യൻ അസോസിയേറ്റ്‌സിനെ ഒരു കൺസൾട്ടന്റിന്റെ റോളിൽ നിയോഗിച്ചതാണ് ഇപ്പോഴത്തെ വിവാദത്തിനുകാരണം.

എന്നാൽ ഫിസിഷ്യൻ അസോസിയേറ്റ്‌സ് ഒറ്റക്കല്ല പ്രവർത്തിക്കുന്നതെന്നും ശരിയായ അനുഭവപരിചയത്തോടെ, ഡോക്ടർമാരുടെ നിർദ്ദേശത്തോടെ മാത്രമേ റോൾ ചെയ്തിട്ടുള്ളൂവെന്നും ആശുപത്രി നടത്തിപ്പുകാരായ ട്രസ്റ്റ് അധികൃതർ പറയുന്നു.

ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ, പി.എ ഗ്രൂപ്പിനെ ശരിയായി നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതുവരെ പിഎമാരുടെ റിക്രൂട്ട്‌മെന്റിൽ കാലതാമസം വരുത്തണമെന്ന് ആവശ്യപ്പെട്ടു.

പിഎമാർ കഴിഞ്ഞ 10 വർഷമായി ബർമിംഗ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ജോലിചെയ്യുന്നു. എന്നാൽ അവർക്ക് ടയർ ടു റോട്ടകൾ മാത്രമാണ് നൽകിയിട്ടുള്ളത്. ഒരു ഫിസിഷ്യൻ അസോസിയേറ്റ് സാധാരണയായി ജോലിതുടങ്ങി മൂന്ന് വർഷത്തേക്ക് ടയർ ടു റോട്ടയിൽ ചേർക്കില്ലെന്നും ആശുപത്രിയുടെ എൻഎച്ച്എസ് ട്രസ്റ്റ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.