സ്വന്തം ലേഖകൻ: എന്‍എച്ച്എസ് നഴ്‌സുമാര്‍ പുതുവര്‍ഷത്തില്‍ വീണ്ടും സമരത്തിന് ഇറങ്ങിയേക്കുമെന്നു റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ്. വലിയ ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാകും ഈ സമരങ്ങളെന്ന് ആര്‍സിഎന്‍ മേധാവി വ്യക്തമാക്കി. ഈ വര്‍ഷം നടത്തിയ പണിമുടക്കുകള്‍ നാമമാത്രമാണ് ശമ്പള വര്‍ദ്ധന മാത്രമാണ് ലഭ്യമാക്കിയതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു.
എന്നാല്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ കാര്യമായി നടന്നതുമില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടികള്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. രാഷ്ട്രീയക്കാര്‍ തങ്ങളെ സുരക്ഷിതമാക്കാനുള്ള പണികള്‍ മാത്രമാണ് ചെയ്യുന്നതെന്ന് തന്റെ അര മില്ല്യണ്‍ അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ കുള്ളെന്‍ പറഞ്ഞു. ആവശ്യമായ വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയാണ്. 2024-ല്‍ നഴ്‌സുമാര്‍ക്ക് മാന്യമായ വരുമാനത്തോടൊപ്പം സുരക്ഷിതമായ തോതില്‍ ജോലിക്കാരെ ലഭ്യമാക്കാനുള്ള പ്രചരണവും വിപുലമാക്കുമെന്ന് പാറ്റ് കുള്ളെന്‍ വ്യക്തമാക്കി.
എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ നിലവില്‍ 40,000-ലേറെ നഴ്‌സിംഗ് വേക്കന്‍സികളാണുള്ളത്. ഇപ്പോള്‍ ജീവനക്കാര്‍ക്ക് ദിവസേന 10 മുതല്‍ 15 രോഗികളുടെ വരെ പരിചരണം ഏറ്റെടുക്കേണ്ടി വരുന്നുണ്ട്, ഇത് സുരക്ഷിതമല്ലെന്നാണ് ആര്‍സിഎന്‍ മുന്നറിയിപ്പ്. അംഗങ്ങള്‍ സമരത്തിന് തയ്യാറായത് കൊണ്ടാണ് മുന്‍ വര്‍ഷം പേ സെറ്റില്‍മെറ്റ് ടോപ്പ് അപ്പ് ചെയ്യാന്‍ മന്ത്രിമാര്‍ നിര്‍ബന്ധിതരായത്. ഈ വര്‍ഷം ഉദ്ദേശിച്ചതിലും കൂടുതല്‍ നല്‍കാനും ഇതിനാല്‍ സാധിച്ചു, മേധാവി ചൂണ്ടിക്കാണിച്ചു.
2024 തെരഞ്ഞെടുപ്പ് വര്‍ഷമാണ്. എല്ലാ പാര്‍ട്ടിയെയും ആര്‍സിഎന്‍ വെല്ലുവിളിക്കും. നഴ്‌സിംഗിന് വ്യക്തമായ പദ്ധതിയും, കൂടുതല്‍ പണവും ആവശ്യപ്പെടും. മന്ത്രിമാരെ ഇതിലേക്ക് നിര്‍ബന്ധിതരാക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാം- അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല