1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2023

സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും അധിക്ഷേപങ്ങളും വര്‍ധിച്ച് വരുന്നതിനെ തടയുന്നതിന് എന്‍എച്ച്എസിന്റെ ചരിത്രത്തിലാദ്യമായി സെക്ഷ്വല്‍ സേഫ്റ്റി ചാര്‍ട്ടര്‍ നടപ്പിലാക്കാനൊരുങ്ങുന്നു. ചാര്‍ട്ടറിന്റെ ഭാഗമായി പത്ത് വാഗ്ദാനങ്ങളാണ് നടപ്പിലാക്കുന്നത്. ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും അധിക്ഷേപങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യാനുള്ള പുതിയ സംവിധാനങ്ങളും ഇത് നേരിടുന്നതിനുള്ള ട്രെയിനിംഗും പിന്തുണയും പുതിയ ചാര്‍ട്ടറിന്റെ ഭാഗമായി നടപ്പിലാക്കും.

തൊഴിലിടങ്ങളിലെ ലൈംഗിക അധിക്ഷേപങ്ങളും അതിക്രമങ്ങളും ഇല്ലാതാക്കുന്നതിനായി പുതിയൊരു ചട്ടക്കൂട് ഉണ്ടാക്കാന്‍ റോയല്‍ കോളജുകളടക്കമുള്ള ഹെല്‍ത്ത് സെക്ടറിലെ ഓര്‍ഗനൈസേഷനുകളോട് എന്‍എച്ച്എസ് ചീഫുമാര്‍ ഇന്നലെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളും അധിക്ഷേപങ്ങളും നേരിടുന്ന സ്റ്റാഫുകളെയും രോഗികളെയും പിന്തുണക്കുന്നതിനായി ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും ലോക്കല്‍ ഹെല്‍ത്ത് സിസ്റ്റങ്ങളും ഒരു ഡൊമസ്റ്റിക് അബ്യൂസ് ആന്‍ഡ് സെക്ഷ്വല്‍ വയലന്‍സ് ലീഡ് രൂപീകരിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പിന്തുണ നേടുന്നതിനുമായി പുതിയ സംവിധാനങ്ങളാണ് ആരോഗ്യ മേഖലയില്‍ വരാന്‍ പോകുന്നത്.

പുതിയ നീക്കത്തിന്റെ ഭാഗമായി ലൈംഗിക അതിക്രമങ്ങളെയും അധിക്ഷേപങ്ങളെയും നേരിടുന്നതിനായി എന്‍എച്ച്എസ് ഇംഗ്ലണ്ട് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് പോളിസികളും പിന്തുണയും ലോക്കല്‍ ഹോസ്പിറ്റലുകള്‍ക്കും ഹെല്‍ത്ത് സിസ്റ്റങ്ങള്‍ക്കും വേണ്ടി സൃഷ്ടിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച ബോധവല്‍ക്കരണം മെച്ചപ്പെടുത്തുന്നതിനും ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കുന്നതിനുമായി എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് അധികമായ പരിശീലനം നല്‍കാനും പുതിയ ചാര്‍ട്ടറിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഇത് സംബന്ധിച്ച് എല്ലാ ഹോസ്പിറ്റലുകളിലെയും എന്‍എച്ച്എസ് ജീവനക്കാരെ ഉള്‍പ്പെടുത്തി ഒരു സര്‍വേ നടത്തിയിരുന്നു. തങ്ങളുടെ ലൈംഗിക സുരക്ഷയെപ്പറ്റിയുള്ള ആശങ്കാപരമായ ചോദ്യങ്ങളായിരുന്നു ഈ സര്‍വേയില്‍ പങ്കെടുത്ത ജീവനക്കാര്‍ ഉയര്‍ത്തിയിരുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവെന്ന നിലയില്‍ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളെ തടയുന്നതിന് എന്‍എച്ച്എസ് പുതിയ ചാര്‍ട്ടറിലൂടെ മാതൃകാപരമായ നീക്കമാണ് നടത്താന്‍ പോകുന്നതെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ചീഫ് ഡെലിവറി ഓഫീസറായ സ്റ്റീവ് റസ്സല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.