സ്വന്തം ലേഖകൻ: ഇന്‍സുലിന്‍ ഉപയോഗിച്ച് ഏഴോളം നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും പത്തോളം കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് വിചാരണ നേരിട്ട് നഴ്സ്. പൂര്‍ണ്ണ ഗര്‍ഭകാലം കഴിയുന്നതിനു മുന്‍പ് പ്രസവം നടന്നശേഷം നിയോനേറ്റല്‍ കെയറില്‍ കഴിഞ്ഞിരുന്ന ഏഴോളം ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിന് കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലെ മുപ്പത്തിരണ്ടുകാരിയായ നഴ്സ് ലൂസി ലെറ്റ്‌ബി ആണ് വിചാരണ നേരിടുന്നത് . ഏഴ് പേരെ കൂടാതെ, മറ്റു പത്തോളം കുഞ്ഞുങ്ങളെ ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും തെളിവുകള്‍ വ്യക്തമാക്കുന്നു.
ഇൻസുലിനും, പാലും, ചിലപ്പോള്‍ വായുവും മറ്റും അമിതതോതില്‍ കുത്തി വെച്ചാണ് ഇവര്‍ കുട്ടികളെ കൊലപ്പെടുത്തിയിരുന്നത് എന്ന് പറയുന്നു . ഏകദേശം 12 മാസങ്ങളിലായി ഇവര്‍ 5 ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും ഉള്‍പ്പെടെ ഏഴോളം കുട്ടികളെ കൊലപ്പെടുത്തി എന്നാണ് കേസ്. നിയോനേറ്റല്‍ വാര്‍ഡില്‍ മാതാപിതാക്കള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയില്ലെന്ന് അറിയാമായിരുന്നതിനാല്‍ രാത്രി ഷിഫ്റ്റുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തിയതെന്നാണ് ആരോപണം.
നിരവധി കുഞ്ഞുങ്ങള്‍ക്ക് ഇന്‍സുലിന്‍ അമിതതോതില്‍ നല്‍കിയാണ് അപകടപ്പെടുത്തിയത്. ബേബി ഇ എന്നറിയപ്പെട്ട മറ്റൊരു കുട്ടിക്ക് ഇവര്‍ വായു കുത്തിവെച്ചാണ് കൊലപ്പെടുത്തിയതെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കേട്ടു. ഈ അവസ്ഥയ്ക്ക് ഡോക്ടര്‍മാര്‍ എയര്‍ എംബോളസ് എന്നാണ് പറയുന്നത്, ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചാണ് കുട്ടി മരണപ്പെടുന്നത്. ഫീഡിംഗ് ട്യൂബുകളിലൂടെയും സിരകളിലൂടെയും കുട്ടികളിലേക്ക് അപകടകരമായ അളവില്‍ ഇവര്‍ പാല്‍ പമ്പ് ചെയ്തിരുന്നതായും ആരോപണമുണ്ട്.
തനിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന ഒരു കുറ്റങ്ങളും ലെറ്റ്ബി സമ്മതിച്ചിട്ടില്ല. ഒരു കുട്ടിയെ ഏകദേശം മൂന്നോളം തവണ ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളതായും കോടതി വാദം കേട്ടു. അപകടത്തില്‍ പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളും വിചാരണ സമയത്ത് കോടതിയില്‍ സന്നിഹിതരായിരുന്നു. 2015 ന് മുന്‍പ് ഈ ആശുപത്രിയിലെ നിയോനേറ്റല്‍ വാര്‍ഡിലെ മരണനിരക്ക് മറ്റ് ഏതൊരു ആശുപത്രിയിലെയും പോലെ തന്നെ ആയിരുന്നു. എന്നാല്‍ പിന്നീടാണ് ഈ മരണ നിരക്കില്‍ ക്രമാതീതമായ വര്‍ദ്ധന ഉണ്ടായതെന്ന് കോടതി വിലയിരുത്തി. ഏകദേശം ആറുമാസത്തോളം വിചാരണ നീളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല