കോട്ടയം:യുകെയില്‍ നഴ്‌സായി ജോലിചെയ്യുന്ന ഭാര്യയെ യാത്രയാക്കിയശേഷം വീട്ടിലേക്ക് തിരിച്ച ഗൃഹനാഥനും മകളും സഞ്ചരിച്ചിരുന്ന കാര്‍ 35 അടിയോളം താഴ്ചയുള്ള കരിങ്കല്‍കുളത്തിലേക്കു മറിഞ്ഞുവെങ്കിലും ഇരുവരും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏറ്റുമാനൂര്‍ പുന്നത്തറ കിഴക്കേച്ചിറ മാത്യു(49), മകള്‍ ദീപ്തി(19) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ ഇരുവരും കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മാത്യുവിന്റെ ഭാര്യ ഷേര്‍ലി യുകെയില്‍ നഴ്‌സായി ജോലിചെയ്യുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ നാട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക് നെടുമ്പാശേരിയിലേക്ക് വിമാനംകയറിയത്. ഇതിനുശേഷമുള്ള മടക്കയാത്രയില്‍ കടുത്തുരുത്തിയിലാണ് മാത്യുവും മകളും അപകടത്തില്‍പ്പെട്ടത്. കടുത്തുരുത്തി ജംക്ഷനില്‍ നിന്ന് 250 മീറ്റര്‍ കോട്ടയം റോഡില്‍ വലതു വശത്തായുള്ള താഴത്തു പള്ളിയുടെ കരിങ്കല്‍ കുളത്തിലേക്കാണ്് കാര്‍ മറിഞ്ഞത്. കുളത്തില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു.
അപകടം നടക്കുമ്പോള്‍ അതുവഴി നടന്നു പോകുകയായിരുന്ന സമീപവാസി വട്ടതൊട്ടിയില്‍ ബേബി കുളത്തിനടുത്തെത്തിയപ്പോള്‍ കാറിന്റെ തുറന്നു കിടന്ന ഡോറില്‍നിന്നു ദീപ്തി കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിയ നിലയിലായിരുന്നു. കുളത്തില്‍ എടുത്തു ചാടി ദീപ്തിയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചപ്പോഴാണ്് മാത്യുവും കാറിലുള്ള വിവരം ബേബി അറിയുന്നത്. വീണ്ടും കുളത്തിലിറങ്ങി മാത്യുവിനേയും രക്ഷപ്പെടുത്തി. അപ്പോഴേക്കും കാര്‍ മുഴുവനായും വെള്ളത്തിനടിയിലായി. ശബ്ദം കേട്ടോടിയെത്തിയ താഴത്തു പള്ളിയിലെ ശുശ്രൂഷകന്‍ സേവ്യര്‍ മാത്യുവാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മാത്യുവിന് വാരിയെല്ലിന് പൊട്ടലും കണ്ണിനും മുഖത്തിനും പരുക്കുമുണ്ട്. ദീപ്തിക്ക് നെറ്റിയിലും കാലിനും പരുക്കേറ്റു.
മാത്യു സൗദിയിലെ ജോലി മതിയാക്കി ഭാര്യയ്‌ക്കൊപ്പം യുകെയില്‍ പോകാനുള്ള തയാറെടുപ്പിന് നാട്ടിലെത്തിയതായിരുന്നു. പെരിന്തല്‍മണ്ണയില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയാണ് ദീപ്തി. കടുത്തുരുത്തിയില്‍നിന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഒന്‍പതു മണിയോടെ ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുറത്തെടുത്തു. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
താഴത്തുപള്ളിയിലെ തിരുകുടുംബമാണ് തന്നെകൊണ്ട് തക്കസമയത്ത് ഇങ്ങനെയൊക്കെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് കാറപകടത്തില്‍ കുളത്തില്‍ വീണ അച്ഛനേയും മകളേയും രക്ഷപ്പെടുത്തിയ കരിങ്കല്‍തൊഴിലാളിയായ ബേബി വിശ്വസിക്കുന്നത്. ബേബിയുടെ വര്‍ഷങ്ങളായുള്ള ദിനചര്യയാണ് പുലര്‍ച്ചെ തന്നെ കടുത്തുരുത്തി കവലയിലേക്കുള്ള നടപ്പ്. ഇന്നലെയും പതിവുപോലെ നടക്കാനിറങ്ങിയതാണ്. താഴത്തു പള്ളിക്ക് അടുത്തെത്തിയപ്പോള്‍ പതിവുപോലെ പള്ളിയിലേക്ക് തിരിഞ്ഞുനിന്ന് പ്രാര്‍ഥിച്ചു. നേരേ നടക്കാന്‍ തുടങ്ങുമ്പോഴാണ് എതിര്‍ദിശയില്‍നിന്നും വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് തന്നെയും മറികടന്ന് സമീപത്തെ കുളത്തിലേക്ക് വീഴുന്നത്.
റോഡില്‍ നിന്നും 35 അടിയോളം താഴ്ചയുണ്ട് കുളത്തിന്. എന്നാല്‍ സമീപത്തെ സ്‌കൂളിലേക്കുള്ള നടക്കല്ലുകള്‍ ഇറങ്ങിയാല്‍ കുളത്തിന് സമീപം താഴ്ച കുറഞ്ഞിടത്ത് എത്താമെന്ന് അറിയാവുന്ന ബേബിച്ചേട്ടന്‍
ഓടി നടയിറങ്ങുകയായിരുന്നു. അടുത്തെങ്ങും മനുഷ്യനോ വാഹനങ്ങളോ ഇല്ലായിരുന്നു. ചുറ്റും ഇരുട്ടും. കുളത്തിനു സമീപത്തെത്തിയപ്പോള്‍ മങ്ങിയ വെളിച്ചത്തില്‍ കാണുന്നതു മെല്ലെ വെള്ളത്തില്‍ താഴുന്ന കാറിന്റെ തുറന്ന വാതിലില്‍നിന്നും രക്ഷയ്ക്കായി നീളുന്ന രണ്ടു കൈകളാണ്. കുളത്തിലേക്കു ചാടിയ ബേബി കാറില്‍നിന്നും ദീപ്തിയെ ആണ് ആദ്യം രക്ഷപ്പെടുത്തുന്നത്. ദീപ്തി പറഞ്ഞാണ് മാത്യുവും കാറിലുള്ള വിവരം അറിയുന്നത്. വീണ്ടും കുളത്തിലിറങ്ങിയ ബേബി മാത്യുവിനേയും പുറത്തെടുത്തു കരയ്‌ക്കെത്തിച്ചു. നിറയെ വെള്ളവും ചെളിയും നിറഞ്ഞതാണ് കുളം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല