സ്വന്തം ലേഖകൻ: യുകെയില്‍ വംശീയ ന്യൂനപക്ഷക്കാരായ നഴ്സുമാരോടും രോഗികളോടും വിവേചനം കാണിക്കുന്ന കേസുകളില്‍ എന്‍എംസി സ്വതന്ത്ര അന്വേിഷണം നടത്താന്‍ തീരുമാനിച്ചു. ഇത്തരം കേസുകളില്‍ നടപടിയെടുക്കുന്നതില്‍ തികഞ്ഞ അനാസ്ഥയെന്ന് ഇന്റിപെന്റന്റ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.
സിഖ് മത വിശ്വാസിയായ ഒരു രോഗിയുടെ താടി പ്ലാസ്റ്റിക് ഗ്ലൗസ് കൊണ്ട് കെട്ടുകയും മതപരമായ വിശ്വാസമനുസരിച്ച് ഭക്ഷിക്കാന്‍ പാടില്ലാത്ത ആഹാരം കൊടുത്തുവെന്നതുമായ സംഭവത്തെ തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട പരാതിയുമായി ബന്ധപ്പെട്ടാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നത്. എന്നാല്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ആരോഗ്യമേഖലയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട നിരവധി രോഗികള്‍ക്ക് നേരെ ഇത്തരം വംശീയ വിവേചനം നിറഞ്ഞ നടപടികള്‍ അരങ്ങേറുന്നുവെന്നുമാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഇത്തരത്തിലുള്ള നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തി നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രംഗത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ സമയോചിതമായി നടപടികളെടുക്കുന്നതില്‍ എന്‍എംസി തികഞ്ഞ പരാജയമാണെന്നും ഇന്റിപെന്റന്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ ഗ്രൂപ്പുകളില്‍ നിന്നടക്കം ഇത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ആണ് ഈ വിഷയം അന്വേഷിക്കുന്നതിനായി എന്‍എംസി ഒരു സ്വതന്ത്ര അന്വേഷണത്തിന് തീരുമാനിച്ചതെന്നു റിപ്പോര്‍ട്ടു പറയുന്നു.
ആശുപത്രികളിലെയും മറ്റ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുകളിലെയും ഇത്തരത്തിലുള്ള വംശീയ -ന്യൂനപക്ഷ വിവേചനങ്ങള്‍ ചെറുക്കുന്നതില്‍ എന്‍എംസി അമ്പേ പരാജയപ്പെട്ടുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് നേരെ നടപടികളെടുത്താലും അത് പേരിന് മാത്രമുള്ള ശിക്ഷകള്‍ മാത്രമാണ് നല്‍കുന്നതെന്നും വിമര്‍ശനമുണ്ട്. ഉദാഹരണമായി 2021ല്‍ നഴ്സായിരുന്ന മെലെയ്ന് ഹേയ്സ് ഇത്തരം നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്ന് തെളിഞ്ഞിട്ടും അവര്‍ക്ക് വെറും ആറ് മാസത്തെ സസ്പെന്ഷന് മാത്രമായിരുന്നു ശിക്ഷയായി നല്‍കിയിരുന്നതെന്നും ആരോപണമുണ്ട്.
സഹപ്രവര്‍ത്തകര്‍ക്കും രോഗികള്ക്കുമെതിരെ ഇവര്‍ നിരവധി പ്രാവശ്യം വംശീയ വിവേചനപ്രവര്ത്തനങ്ങള് നടത്തിയിട്ടും ഇവര്‍ക്ക് പേരിന് മാത്രമാണ് ശിക്ഷ നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുളള നിരവധി സംഭവങ്ങളാണ് എന്‍എംസിക്ക് മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഹേയ്സിന്റെ കേസുകളില്‍ പിന്നീട് ഹൈക്കോടതി ഇടപെടുകയും അവരെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടുകയും ചെയ്തിരുന്നു. എന്നാല്‍ മിക്ക കേസുകളിലും ഇത്തരത്തില്‍ നിയമപീഠങ്ങള്‍ മുഖം തിരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.
ഈ വിധത്തിലുള്ള വിവേചനങ്ങള്‍ ഒരിക്കലും വച്ച് പൊറുപ്പിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും എന്‍എംസി ചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആന്‍ഡ്രിയ സര്ക്ലിഫ് ഒക്ടോബര്‍ ആദ്യം വ്യക്തമാക്കിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവയുമായി ബന്ധപ്പെട്ട സ്വതന്ത്ര അന്വേഷണം എന്‍എംസി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കാരടങ്ങുന്ന ഏഷ്യന്‍ വംശജര്‍ക്കെതിരെയും ആഫ്രിക്കന്‍ വംശജര്‍ക്കെതിരെയും എന്‍എച്ച്എസിലെ ജീവനക്കാരടക്കമുള്ളവര്‍ കടുത്ത വംശീയ വിവേചനം പുലര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുന്നത് സമീപകാലത്ത് വര്‍ധിച്ച് വരുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല