സ്വന്തം ലേഖകൻ: യുകെയില്‍ ജോലി ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയതായി നഴ്‌സിംഗ് റെഗുലേറ്റര്‍. എന്നാല്‍ സ്വയം നഴ്‌സുമാരുടെ ക്ഷാമം നേരിടുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരെ സദാചാരവിരുദ്ധമായ തോതില്‍ യുകെ നഴ്‌സുമാരെ ഇറക്കുമതി ചെയ്യുന്നതായും റെഗുലേറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലില്‍ ഇപ്പോള്‍ ഏകദേശം 808,488 നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, നഴ്‌സിംഗ് അസോസിയേറ്റ്‌സ് എന്നിവരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ 37,091 പേരുടെ വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 748,528 നഴ്‌സുമാര്‍, 42,974 മിഡ്‌വൈഫുമാര്‍, 10,560 നഴ്‌സിംഗ് അസോസിയേറ്റ്‌സ് എന്നിവരാണ് ഉള്‍പ്പെടുന്നത്. മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലാണ് ഈ എണ്ണത്തിലെ വളര്‍ച്ച. ഇന്ത്യന്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ 847.9% കുതിപ്പ് ഉണ്ടായി.
എന്നാല്‍ റെഡ് ലിസ്റ്റില്‍ പെട്ട നൈജീരിയ, ഘാന എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും വര്‍ദ്ധിച്ച തോതില്‍ യുകെയിലേക്ക് ചേക്കേറുന്നു. ഈ രാജ്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ ഇവിടങ്ങളില്‍ നിന്നും സജീവമായി റിക്രൂട്ട് ചെയ്യരുതെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ ആറ് മാസങ്ങളില്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും നഴ്‌സിംഗ് രജിസ്റ്ററില്‍ ചേര്‍ന്നത് 3071 പേരാണെന്ന് എന്‍എംസി കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, യുകെ സ്വദേശികളുടെ എണ്ണവും വര്‍ദ്ധിക്കുന്നതായി എന്‍എംസി കണക്കുകള്‍ ആശ്വാസമേകുന്നു. നഴ്‌സിംഗ് ട്രെയിനിംഗ് സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഈ വ്യത്യാസം. കറുത്ത, ന്യൂനപക്ഷ വംശങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണം 29.1 ശതമാനമായി. ‘നമ്മുടെ രജിസ്റ്ററില്‍ ഇപ്പോള്‍ 50-50 റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്ന് വ്യക്തമാണ്. യുകെ, വിദേശ വിദ്യാഭ്യാസം നേടിയ നഴ്‌സിംഗ്, മിഡ്‌വൈഫറി പ്രൊഫഷണലുകളുടേത് കൃത്യമായ അനുപാതമാണ്’, എന്‍എംസി ചീഫ് എക്‌സിക്യൂട്ടീവും, രജിസ്ട്രാറുമായ ആന്‍ഡ്രിയ സട്ക്ലിഫ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല